കാസർകോട് : വടക്കേ മലബാറിൽ ഇത് പൂരോത്സവത്തിന്‍റെ കാലമാണ്. തൃശൂർ പൂരം പോലെയോ തെക്കൻ കേരളത്തിൽ നടക്കുന്ന പൂരം പോലെയോ അല്ല ഈ പൂരം. വടക്കേ മലബാറുകാർക്ക് വസന്തോത്സവമാണ് പൂരം. കാർത്തിക മുതൽ പൂരം വരെ ഒൻപത് നാളുകളിലാണ് പുരോത്സവം. കാവും കരയും അണിഞ്ഞൊരുങ്ങുന്ന പൂക്കാലം.
പരമേശ്വരന്‍റെ (ശിവൻ) മുക്കണ്ണിലെ എരിതീയിൽ വെന്തൊടുങ്ങിയ കാമദേവന്‍റെ തിരുപ്പിറവിയെ അനുസ്‌മരിക്കുന്ന ഉത്സവമാണിത്. വസന്തവും കാമനും സന്തത സഹചാരികളെന്ന് വിശ്വാസം. കാമന്‍റെ വരവിന് മുൻപായി വസന്തൻ വന്ന് പൂക്കാലമൊരുക്കും.
പൂക്കളാണ് കാമന്‍റെ വില്ലും ബാണങ്ങളും. ഇതിന് പല തരം പൂക്കൾ ഉപയോഗിക്കാറുണ്ട്. ചെമ്പകപൂ, അതിരാണിപൂ, എരിക്കിൻ പൂ, കട്ടപൂ, ഇലഞ്ഞിപൂ, ആലോത്തിൻ പൂ എന്നിങ്ങനെ പലതരം പൂക്കൾ. പല നാടുകളിൽ പല പൂക്കൾ. ഇന്ന് വീടുകളിൽ അപൂർവമായേ പൂവിടാറുള്ളൂവെങ്കിലും ക്ഷേത്രങ്ങളിൽ പൂരോത്സവം പതിവ് തെറ്റാതെ നടക്കുന്നു.
പൂരം നാളിൽ മണ്ണുകൊണ്ടോ ചാണകം കൊണ്ടോ ഉണ്ടാക്കുന്ന കാമദേവനെ "കാമ ദേവ കാലത്തും നേരത്തും വരണേ "പാടികൊണ്ടാണ് മരച്ചുവട്ടിൽ കൊണ്ടാക്കുന്നത്. പൂരത്തിന്‍റെ ഭാഗമായി അട ഉണ്ടാക്കുന്നതും പതിവാണ്. പൂരോത്സവത്തിന്‍റെ ഭാഗമായി അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്ന ചടങ്ങാണ് "ചങ്ങാത്തം" ചോദിക്കൽ. പൂരോത്സവം നാടിനെ അറിയിക്കാനാണ് ഈ ചടങ്ങ് നടത്തുന്നത്. കാസർകോട് ചെറുവത്തൂരിൽ ഇന്നും ചങ്ങാത്തം ചോദിക്കൽ ചടങ്ങ് പാരമ്പര്യ തനിമയിൽ ഇപ്പോഴും നടത്തിവരുന്നു.
പൂരക്കളി പന്തലിൽ നിന്നാണ് വാല്യക്കാരുടെ സംഘം ആർപ്പ് വിളികളുമായി യാത്ര തിരിക്കുന്നത്. ഒന്നിച്ചിറങ്ങുന്ന വാല്യക്കാർ പിന്നീട് ചെറു സംഘങ്ങളായി പലവഴിക്ക് പിരിയും. വീടുകളിൽ കയറിയിറങ്ങുന്ന വാല്യക്കാരെ വീട്ടുകാർ നിലവിളക്ക് തെളിയിച്ച് സ്വീകരിക്കും. പൂരത്തിന്‍റെ ആരവം ഗ്രാമങ്ങളിലേക്ക് പകർന്നേകുന്ന ചടങ്ങിന് ആതിഥേയത്വം വഹിക്കാൻ ഓരോ വീട്ടുകാരും കാത്തു നിൽക്കും. നടന്നും ഓടിയും പുഴകൾ നീന്തിയുമാണ് വാല്യക്കാർ എല്ലായിടത്തും എത്തുന്നത്.
Also Read: ദൈവങ്ങൾ മണ്ണിലിറങ്ങുന്നു, ഉത്തര മലബാറിൽ തെയ്യച്ചിലമ്പൊലി
തലക്കാട്ട് ക്ഷേത്രത്തിൽ നിന്നും അരയാം തുരുത്തി തറവാടിൽ നിന്നുമാണ് ചടങ്ങ് ആരംഭിക്കുന്നത്. അയ്യായിരത്തോളം വീടുകളിലാണ് ഇവർ ചങ്ങാത്തം ചോദിച്ച് ചെല്ലേണ്ടത്. പാരമ്പര്യ തനിമയിൽ വാല്യക്കാർ ചങ്ങാത്തം ചോദിച്ച് വീടുകളിലെത്തുന്നത് നെല്ലിക്കാതുരുത്തി, മയിച്ച ക്ഷേത്രങ്ങളിൽ മാത്രം കാണുന്ന പ്രത്യേകതയാണ്.