കാസർകോട്: വീടിനുള്ളില്‍ ഉറങ്ങികിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ഹൊസ്‌ദുര്‍ഗ് പൊലീസ്. കവര്‍ച്ചയ്‌ക്കിടെ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സൂചന ലഭിച്ചതായാണ് വിവരം. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയൂള്ളൂവെന്ന് പൊലീസ് പറഞ്ഞു.
വായ പൊത്തിപ്പിടിച്ചാണ് അക്രമി തന്നെ വീട്ടില്‍ നിന്നും കൊണ്ടുപോയതെന്ന് ഇരയായ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. ഒച്ച വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുപോയത്. അയാൾ മലയാളം സംസാരിക്കുന്നയാളാണെന്നും മാസ്‌ക് ധരിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
വീടിന്‍റെ മുന്‍ വാതിലിലൂടെയാണ് അക്രമി അകത്തേക്ക് പ്രവേശിച്ചതെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ മുത്തച്‌ഛന്‍ പുലര്‍ച്ചെ പശുവിനെ കറക്കാന്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വീടിന്‍റെ മുന്‍ വാതില്‍ തുറന്നാണ് പശുവിനെ കറക്കാന്‍ പോയതെന്നും പശുവിനെ കറന്ന് തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മുത്തച്‌ഛന്‍ പറഞ്ഞു. അടുക്കള വാതിലും തുറന്നു കിടക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടിയെ രണ്ട് വീട് അപ്പുറം ഉപേക്ഷിച്ചതിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നും മുത്തച്‌ഛന്‍ പറഞ്ഞു.
കവര്‍ച്ചയ്‌ക്ക് പിന്നാലെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പിതാവിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ കുടുംബം ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
ഇന്ന് (മെയ് 15) പുലര്‍ച്ചെയാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്നും ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. കുട്ടിയുടെ കാതില്‍ ഉണ്ടായിരുന്ന കമ്മല്‍ മോഷണം പോയിട്ടുണ്ട്. മോഷണ ശേഷം പ്രതി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കവര്‍ച്ചയ്‌ക്കിടെ കണ്ണിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുടുംബം ഹോസ്‌ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.