കാസർകോട്: ചുട്ടുപൊള്ളുന്ന വേനലിൽ വെളളം കുടിച്ച സ്ഥാനാർത്ഥികളുടെ കഥ പറയണമെങ്കിൽ അങ്ങു കാസർക്കോട്ടേക്ക് പോകണം. പ്രചാരണത്തിനായി മൂന്ന് സ്ഥാനാർഥികളും വ്യത്യസ്‌ത ഡയറ്റ് പ്ലാനുകളാണ് ക്രമീകരിച്ചിട്ടുളളത്. എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വിനിക്ക് പ്രിയം ഇളനീർ ആണ്. ഇളനീർ കുടിച്ചാണ് പ്രചാരണം ആരംഭിക്കുന്നത്.
പിന്നെ ഇടക്കിടെ ചൂട് വെള്ളവും പഴങ്ങളും. ഉച്ചയ്ക്ക് കഞ്ഞി കുടിക്കാൻ ആണ് ഇഷ്‌ടമെന്ന് അശ്വനി പറഞ്ഞു. ഡയറ്റും ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം വെയിലിനെ തടുക്കാൻ മുഖത്തൊരൽപ്പം ഫേസ് ക്രീമും പുരട്ടും. സംഗതി ഉഷാര്‍ അശ്വിനി റെഡി.
എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്‌ണന് പ്രത്യേകിച്ച് ഡയറ്റ് പ്ലാനുകൾ ഒന്നുമില്ല. രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം പതിവാണ്. പിന്നെ പ്രഭാത ഭക്ഷണം. അത് കഴിഞ്ഞ് പ്രചാരണത്തിന് ഇറങ്ങും. ഇളനീർ കുടിക്കാറില്ല. ചൂടുവെള്ളം ഇടക്ക് കുടിക്കും. ചിലപ്പോൾ തണ്ണിമത്തനും പഴങ്ങളും കഴിക്കും. ഉച്ചക്ക് ചോറ് പതിവാണ്. പിന്നെ കിട്ടുന്നതെല്ലാം കഴിക്കുമെന്നും പ്രവർത്തകരാണ് തന്‍റെ ഊർജമെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.
അതേസമയം കടുത്ത ചൂടിൽ സംഭാരം ആണ് രാജ്‌മോഹൻ ഉണ്ണിത്താന് ഇഷ്‌ടം. ഇടക്ക് നാരങ്ങ വെള്ളവും കുടിക്കും. രാവിലെ നാലരയ്ക്ക് എഴുന്നേൽക്കും. പിന്നെ പൂജമുറിയിൽ പ്രാർത്ഥന. പിന്നീട് നടക്കാൻ ഇറങ്ങും. ഒരുഗ്ലാസ് വെള്ളം കുടിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് പ്രചാരണത്തിന് ഇറങ്ങും.
തണുത്തത് കുടിക്കില്ല. ഇടക്കിടക്ക് സംഭാരം കുടിക്കും. കട്ടൻ ചായ ഇഷ്‌ടമാണെങ്കിലും ഇപ്പോൾ കുറവാണ്. ഉച്ചയ്‌ക്ക് ഇങ്ങോട്ടു കടിക്കാത്തത് എന്തും കഴിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഏതായാലും ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചാണ് സ്ഥാനാർഥികൾ കാസർകോട് മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്.