തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സാൻ ജോസിനെ മർദിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്. കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മലിനാണ് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകിയത്.
സാൻ ജോസിനെ മർദിച്ച എസ്എഫ്ഐ നേതാക്കളെ കോളജില്‍ നിന്നും പുറത്താക്കണം. കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിൻ്റെയും സാന്നിധ്യം ഉറപ്പാക്കാണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ സർവകലാശാല രജിസ്ട്രാറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർവകലാശാല വിസി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവും കത്ത് നൽകിയിരിക്കുന്നത്. ജൂലൈ രണ്ടുനായിരുന്നു കാര്യവട്ടം ക്യാമ്പസിലെ എംഎ മലയാളം വിദ്യാർഥിയും കെഎസ്‌യു തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയുമായ സാൻ ജോസിന് ക്യാമ്പസിലെ ഹോസ്റ്റലിൽ വെച്ച് മർദനമേൽക്കുന്നത്.
തുടർന്ന് ശ്രീകാര്യം പൊലീസ് സ്റ്റേഷനു മുൻപിലും മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിലും സമാനമായി എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നിയമസഭയിൽ സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോവളം എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്‌തു.
Also Read: നിങ്ങൾ മഹാരാജാവല്ല, കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ