തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെതിരായ ഇഡി നീക്കം രാഷ്‌ട്രീയ പ്രേരിതമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എംകെ കണ്ണൻ. ജനാധിപത്യത്തിന്‍റെ മരണത്തിലേക്കുള്ള തുടക്കമാണ് ഇവിടെ നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ഈ കാര്യം ബോധ്യപ്പെട്ടിട്ടില്ലെന്നും എംകെ കണ്ണൻ തൃശൂരില്‍ പറഞ്ഞു.
വിഷയത്തില്‍ തനിക്ക് ഇതുവരെയും നോട്ടിസ് ലഭിച്ചിട്ടില്ല. നോട്ടിസ് ലഭിച്ചാല്‍ ഹാജരാകണോയെന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. മുന്‍പ് പല പ്രാവശ്യം ഇഡിയ്‌ക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും ഇഡി ആവശ്യപ്പെട്ടിട്ടില്ലെന്നും എംകെ കണ്ണൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും പാര്‍ട്ടി അക്കൗണ്ടും തമ്മില്‍ എന്താണ് ബന്ധമെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്. പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും എംഎം വര്‍ഗീസ് ചോദിച്ചു.
കേസില്‍ ഇഡിയുമായി സഹകരിക്കാതിരിക്കേണ്ട കാര്യമില്ല. ആവശ്യപ്പെട്ട രേഖകള്‍ ഇഡിയ്‌ക്ക് കൈമാറിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും നൽകുമെന്നും എംഎം വര്‍ഗീസ് വ്യക്തമാക്കി.