എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി കെ ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നോട്ടിസ്. വ്യാഴാഴ്‌ച കൊച്ചിയിലെ ഇഡി ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന് ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കരുവന്നൂർ കേസിൽ ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി സുചിപ്പിച്ചിരുന്നു. ഇത് പി കെ ബിജുവാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇഡിയുടെ പുതിയ നോട്ടീസ്. സതീഷ് കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇരുവർക്കുമിടയിൽ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇഡി പി കെ ബിജുവിനെതിരെയും അന്വേഷണം തുടങ്ങിയത്.
കരുവന്നൂർ സഹകര ബാങ്ക് ക്രമക്കേടിൽ സിപിഎം നടത്തിയ അന്വേഷണത്തിൻ്റെ ചുമതല ബിജുവിനായിരുന്നു. ഈയൊരു സാഹചര്യത്തിൽ പി കെ ബിജുവിനെ ചോദ്യം ചെയ്‌താൽ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്. അതേസമയം തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജു ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യത കുറവാണ്.
കരുവന്നൂർ പാർട്ടി അന്വേഷണ കമ്മീഷൻ അംഗവും പ്രാദേശിക സിപിഎം നേതാവുമായ ഷാജനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ തനിക്ക് നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വർഗീസ് അറിയിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടിയാണ് കാരണമാകുന്നത്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിരുന്നു. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന വിവരവും, ഇതേ കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഇഡി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്.
സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്കിൻ്റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓഡിറ്റിൽ നിന്ന് ഈ അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ഇതിനു പുറമെ തൃശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും, ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടികാണിക്കുന്നു. നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെവും തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു.
വിവരങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിനും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്. അതേസമയം ഇഡി ആരോപണങ്ങൾ സി പി എം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ശക്തമായി നിഷേധിക്കുന്നു.