കൊല്ലം: കടൽത്തീരങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർണം. ദർപ്പണച്ചടങ്ങുകൾ ശനിയാഴ്‌ച പുലർച്ചെ മൂന്നുമണിക്കാണ് ആരംഭിക്കുന്നത്. എന്നാൽ വെള്ളിയാഴ്‌ച രാത്രി മുതൽ എത്തുന്നവർക്കുവേണ്ട സൗകര്യങ്ങൾ മിക്കയിടത്തും ഒരുക്കിയിട്ടുണ്ട്.
തിരുമുല്ലവാരം കടപ്പുറത്ത് ഒരേസമയം മൂവായിരം പേർക്ക് ബലിയിടാൻ പാകത്തിൽ എട്ട് ബലിപ്പുരകളാണ് സജ്ജമാക്കിയിട്ടുള്ളത്. കർമികളെയും പരികർമികളെയും നിയോഗിച്ചു. മഴപെയ്‌താൽ നനയാതിരിക്കാനുള്ള ക്രമീകരണങ്ങളുമായി. സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളും തയ്യാറാണ്. രസീത് വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നുണ്ട്.
തിരക്കിനനുസരിച്ച് ഇവിടങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ഇത്തവണ 150 ജീവനക്കാരെയും താത്കാലികമായി 100 പേരെയും നിയോഗിച്ചു. ബലിത്തറകളിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും. നിരീക്ഷണത്തിനുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാനും നടപടികളായി. തിലഹോമത്തിനുള്ള സൗകര്യവും വിപുലമാക്കി.
മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് പാപനാശനം ശ്രീനാരായണഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. വാവുബലിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച തന്നെ പ്രാർഥന, സർവമത സമ്മേളനം തുടങ്ങിയ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ചും കടവുകളിലും ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.