കാസര്‍കോട്: സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് കുപ്രസിദ്ധമായ കാറഡുക്ക സൊസൈറ്റിയിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിക്കാനെത്തിയ എൻഡോസൾഫാൻ ദുരിത ബാധിതയെ 5,000 രൂപ നൽകി മടക്കി അയച്ചതായി പരാതി. മുണ്ടോള്‍ സ്വദേശി ലക്ഷ്‌മിയാണ് പരാതി നൽകിയത്. ദുരിതാശ്വാസ തുക നിക്ഷേപത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സഹോദരിയുടെ ചികിത്സ ആവശ്യത്തിനായി പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് 5,000 രൂപ നല്‍കി മടക്കി അയച്ചത്.
കാറഡുക്ക സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പുറത്തുവന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് നിക്ഷേപകയ്ക്ക് പണം നിഷേധിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 58 കാരി ലക്ഷ്‌മിക്ക് സുപ്രീം കോടതി വിധി പ്രകാരം ആശ്വാസ ധനമായി ലഭിച്ച അഞ്ച് ലക്ഷം രൂപ കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിച്ചത്. ചികിത്സയ്ക്കും മറ്റുമായി പിന്‍വലിച്ചതിന്‍റെ ബാക്കി രണ്ടര ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. അര്‍ബുദ ബാധിതയായ സഹോദരി നാരായണിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നാണ് ലക്ഷ്‌മി പറയുന്നത്.
ഇപ്പോള്‍ ആശുപത്രിയിലുള്ള സഹോദരിയുടെ ചികിത്സയ്ക്കും മരുന്നിനുമായി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ലക്ഷ്‌മി. ലക്ഷ്‌മിയും സഹോദരി മീനാക്ഷിയും അര്‍ബുദ ബാധിതയായ നാരായണിയും മാത്രമാണ് വീട്ടില്‍. ഇവരുടെ ജീവിത മാര്‍ഗം പെന്‍ഷന്‍ മാത്രമാണ്. ഇപ്പോൾ നിക്ഷേപം നഷ്‌ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവർ.
കാറഡുക്ക സൊസൈറ്റിയില്‍ ഇട്ട തുക ഒരിക്കലും നഷ്‌ടപ്പെടില്ലെന്നും തിരിച്ച് നല്‍കുമെന്നുമാണ് ഭരണ സമിതി പറയുന്നത്. എന്നാല്‍ ചികിത്സ ആവശ്യത്തിന് പോലും ഈ തുക കിട്ടിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ നിക്ഷേപമെന്നാണ് ലക്ഷ്‌മിയുടെ ചോദ്യം. സംഭവം പുറത്ത് വന്നതോടെ മറ്റു നിക്ഷേപകാരും ആശങ്കയിലാണ്.
മുഖ്യ പ്രതി ഒളിവില്‍ തന്നെ: നേരത്തെ കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. എന്നാൽ മുഖ്യ പ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ രതീശൻ ഒളിവിലാണ്. കേസിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ വൻ തട്ടിപ്പാണ് നടന്നത്. അംഗങ്ങൾ അറിയാതെ സ്വർണ പണയവായ്‌പ എടുത്ത് 4.76 കോടിയുമായി സെക്രട്ടറി മുങ്ങുകയായിരുന്നു.
സിപിഎം ഭരണത്തിൽ ഉള്ളതാണ് കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെ കേസെടുത്തിരുന്നു. വിവാദമായതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്‌പെൻഡ് ചെയ്‌തിരുന്നു.
Also Read: കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; മൂന്ന് പേർ അറസ്‌റ്റിൽ