കാസർകോട് : കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് ഒരു സംഘത്തെ കൂടി നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമനിക്കിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. ആദൂർ സിഐ സഞ്ജയ് കുമാറും അന്വേഷണ സംഘത്തിലുണ്ട്. നിലവിൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
മുഖ്യ പ്രതിയെ ഉടൻ പിടികൂടുമെന്ന് ജില്ല പൊലീസ് മേധാവി പി ബിജോയ് അറിയിച്ചു. കേസിൽ മൂന്നുപേർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. മുഖ്യപ്രതി രതീശന്‍റെ സുഹൃത്തുക്കളാണ് അറസ്റ്റിൽ ആയത്. രതീശൻ ഇപ്പോഴും ഒളിവിലാണ്.
സൊസൈറ്റി സെക്രട്ടറി രതീശന്‍ അംഗങ്ങൾ അറിയാതെ സ്വർണ പണയവായ്‌പ എടുത്ത് 4.76 കോടിയുമായി മുങ്ങുകയായിരുന്നു. സിപിഎം ഭരണത്തിൽ ഉള്ളതാണ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു. വിവാദമായതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്പെൻഡും ചെയ്‌തിരുന്നു.