തിരുവനന്തപുരം: നവീകരിച്ച തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാടുള്ള ആന പുനരധിവാസ കേന്ദ്രത്തിലെ കുട്ടിക്കുറുമ്പന്‍മാരുടെയും കുറുമ്പികളുടെയും ദിവസം വളരെ സുന്ദരമാണ്. രാവിലെ ഉറക്കമുണര്‍ന്നാല്‍ പിന്നെ കുറച്ച് നേരം ഇവര്‍ക്കൊരു ആലസ്യമാണ്. അപ്പോഴേക്കും പാപ്പാന്മാർ തലേ ദിവസത്തെ തീറ്റയുടെ അവശിഷ്‌ടങ്ങളും പിണ്ഡവുമൊക്ക നീക്കി കൂട് കഴുകി വൃത്തിയാക്കും. പിന്നീട് കുളിക്കടവിലേക്കാണ് യാത്ര.
മലപ്പുറം സ്വദേശിയായ 8 വയസുകാരന്‍ മനുവും പാലക്കാട് അഗളിയില്‍ നിന്നെത്തിയ 7 വയസുകാരി മായയുമാണ് ഇവിടുത്തെ പ്രധാന കുറുമ്പനും കുറുമ്പിയും. കേന്ദ്രത്തിൽ ഏറ്റവും ഒടുവിലെത്തിയ അതിഥികളാണ് ആരണ്യയും പൂര്‍ണയും. ആദ്യം പോയ ആനകൾക്ക് പിന്നാലെ ഇവരും കുളിക്കടവിലേക്ക് പോകും.
തലകുലുക്കിയാട്ടി പാപ്പാന്‍മാരെ വെട്ടിച്ചും തുള്ളിച്ചാടിയുമൊക്കെയാണ് ഇവരുടെ കുളിക്കടവിലേക്കുള്ള പോക്ക്. കുളിക്കടവിലെത്തുമ്പോഴും കുറുമ്പിന് കുറവുണ്ടാകില്ല. വിശാലമായ നെയ്യാര്‍ അണക്കെട്ടിന്‍റെ റിസര്‍വോയറാണ് ഇവരുടെ കുളിക്കടവ്. കടവിലെത്തിയാൽ പിന്നെ വിസ്‌തരിച്ചുള്ളൊരു കുളിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെള്ളത്തില്‍ തിമിര്‍ത്തു മറിഞ്ഞും തുമ്പി കൈയില്‍ വെള്ളം ചീറ്റിയും നെയ്യാറില്‍ ഓളങ്ങള്‍ തീര്‍ത്താണ് കുളി. വെള്ളം കണ്ടാല്‍ പിന്നെ പാപ്പന്മാരുടെ വാക്കുകള്‍ക്ക് വലിയ വിലയില്ല. കരയിലെ മരത്തിന്‍റെ വേരുകളില്‍ പ്രത്യേക തരത്തില്‍ കുടുക്കിട്ട് ചങ്ങല കെട്ടുന്നത് വരെ കുറുമ്പ് തുടരും.
കുളി കഴിഞ്ഞ് നെറ്റിയില്‍ പാപ്പാന്‍മാര്‍ പൊട്ടു കുത്തിയ ശേഷമാണ് തിരികെ കുട്ടിയാനകൾ കൂട്ടിലേക്കെത്തിക്കുക. കൂട്ടിലെത്തിയാല്‍ സമൃദ്ധമായ പ്രാതല്‍. കൂരവ്, മുതിര, ചെറുപയര്‍, അരി, മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഗംഭീരമാണ് പ്രാതല്‍. പ്രായം അനുസരിച്ച് ഡോക്‌ടര്‍ നിശ്ചയിക്കുന്ന അളവിലാണ് പ്രാതലെന്ന് മായയെ പരിചരിക്കുന്ന പാപ്പാന്‍ വിഷ്‌ണു പറയുന്നു.
നവീകരണം പൂര്‍ത്തിയായതോടെ 50 ഓളം ആനകള്‍ക്ക് സുഖമായി പാര്‍ക്കാനുള്ള സൗകര്യമാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 8 മുതല്‍ വൈകിട്ട് 5:30 വരെയാണ് ഇവിടെ പ്രവേശനം. വരുന്നവര്‍ രാവിലെ 8 മണിക്ക് തന്നെ എത്തുക. എങ്കിലേ ഇവിടുത്തെ കാഴ്‌ചകൾ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയൂ.