കണ്ണൂർ: ഇടതുകോട്ട എന്ന പേരാണെങ്കിലും എന്നും വലത്തോട്ട് തിരിഞ്ഞ പ്രകൃതമാണ് കണ്ണൂർ ലോകസഭ മണ്ഡലത്തിന് ഉള്ളത്. നിലവിൽ കെപിസിസി അധ്യക്ഷനും കണ്ണൂരിലെ കോൺഗ്രസിന്‍റെ കരുത്തനായ നേതാവുമായ കെ സുധാകരനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. മണ്ഡലത്തിന്‍റെ ചരിത്രം എടുത്താൽ ഒൻപത് തവണയും വിജയിച്ചത് വലതുപക്ഷ കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു.
![Kannur Lok Sabha Parliament election 2024 കണ്ണൂർ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 lok sabha election 2024](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/20623586_mk-jinachandran.jpg)
1952-ൽ സിപിഐയുടെ എ കെ ഗോപാലൻ വിജയിച്ചപ്പോൾ, 1957ൽ എം കെ ജിനചന്ദ്രനിലൂടെ മണ്ഡലത്തെ കോൺഗ്രസ് പക്ഷത്തേക്ക് എത്തിച്ചു. 1957 മുതൽ തലശ്ശേരി മണ്ഡലത്തിൽ ആയിരുന്നു മത്സരം. 1962 സ്വതന്ത്ര സ്ഥാനാർഥിയായി എസ് കെ പൊറ്റക്കാട് ജയിച്ചു കയറിയപ്പോൾ, 1967ലും 71ലും സിപിഐയുടെ പാട്യം ഗോപാലനും സി കെ ചന്ദ്രപ്പനും മണ്ഡലത്തിന്‍റെ എംപിമാരായി.
![Kannur Lok Sabha Parliament election 2024 കണ്ണൂർ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 lok sabha election 2024](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/20623586_sk-pottakkad.jpg)
മണ്ഡല പുനർനിർണയത്തിന് ശേഷം തലശ്ശേരി മണ്ഡലം മാറി 1977 മുതലാണ് കണ്ണൂർ പാർലമെന്‍റ് മണ്ഡലമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. 1977 മുതൽ 20019 വരെയുള്ള കണക്കെടുത്താൽ 12 തെരഞ്ഞെടുപ്പുകളിൽ എട്ട് തവണയും മണ്ഡലം കോൺഗ്രസ് പക്ഷത്തോടൊപ്പം ആയിരുന്നു. 1977 സിപിഐയുടെ സി കെ ചന്ദ്രപ്പൻ എംപിയായപ്പോൾ 1980 മുതൽ 1998 വരെ മണ്ഡലം കോൺഗ്രസ് പക്ഷത്ത് ഉറച്ചുനിന്നു.
![Kannur Lok Sabha Parliament election 2024 കണ്ണൂർ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 lok sabha election 2024](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/20623586_ck-chandrappan.jpg)
1980ൽ കെ കുഞ്ഞമ്പു കോൺഗ്രസ് സ്ഥാനാർഥി ആയി വിജയിച്ചു. 1984, 89, 91, 96, 98 വർഷത്തെ തെരഞ്ഞെടുപ്പുകളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി വിജയിച്ച് ലോകസഭയിൽ എത്തി. 1999ൽ പക്ഷെ, മുല്ലപ്പള്ളിക്ക് കാലിടറി. സിപിഎമ്മിന്‍റെ യുവ നേതാവായി കളത്തിലിറങ്ങിയ എ പി അബ്‌ദുള്ളക്കുട്ടി 10,247 വോട്ടിന് മുല്ലപ്പള്ളി രാമചന്ദ്രനെ മലർത്തിയടിച്ചു.
![Kannur Lok Sabha Parliament election 2024 കണ്ണൂർ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 lok sabha election 2024](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/20623586_ap-abdullakutty.jpg)
2004ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 83,849 വോട്ടായി ഉയർത്തിയതോടെ കണ്ണൂർ സിപിഎമ്മിന് സ്വന്തമായി എന്ന് അണികൾ പോലും വിശ്വസിച്ചു. പക്ഷേ, 2009ലെ തെരഞ്ഞെടുപ്പിൽ എ പി അബ്‌ദുള്ളക്കുട്ടി സിപിഎം വിട്ടതോടെ കണ്ണൂർ തെരഞ്ഞെടുപ്പ് രംഗം വീണ്ടും പ്രവചനാതീതമായി.
വർഷം | വിജയി | പാർട്ടി |
1952 | എ കെ ഗോപാലൻ | സിപിഐ |
തലശ്ശേരി | ||
1957 | എം കെ ജിനചന്ദ്രൻ | കോൺഗ്രസ് |
1962 | എസ് കെ പൊറ്റക്കാട് | സ്വതന്ത്രൻ |
1967 | പാട്യം ഗോപാലൻ | സിപിഐ |
1971 | സി കെ ചന്ദ്രപ്പൻ | സിപിഐ |
കണ്ണൂർ | ||
1977 | സി കെ ചന്ദ്രപ്പൻ | സിപിഐ |
1980 | കെ കുഞ്ഞമ്പു | കോൺഗ്രസ് |
1984 | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് |
1989 | ||
1991 | ||
1996 | ||
1998 | ||
1999 | എ പി അബ്‌ദുള്ളക്കുട്ടി | സിപിഎം |
2004 | ||
2009 | കെ സുധാകരൻ | കോൺഗ്രസ് |
2014 | പി കെ ശ്രീമതി | സിപിഎം |
2019 | കെ സുധാകരൻ | കോൺഗ്രസ് |
കെ സുധാകരൻ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങി. സിപിഎമ്മിന്‍റെ യുവ നേതാവായിരുന്ന കെ കെ രാഗേഷ് ആയിരുന്നു എതിരാളി. ആ തെരഞ്ഞെടുപ്പിൽ 43,151 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മണ്ഡലം കെ സുധാകരൻ സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു.
![Kannur Lok Sabha Parliament election 2024 കണ്ണൂർ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 lok sabha election 2024](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/20623586_k-sudhakaran.jpg)
2014 പക്ഷെ സുധാകരന് കാലിടറി. സിപിഎമ്മിന്‍റെ വനിത സ്ഥാനാർഥി ആയിരുന്ന പി കെ ശ്രീമതിയോട് 6,556 വോട്ടിന് പരാജയം അറിഞ്ഞു. 2019ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി കെ ശ്രീമതിയോട് സുധാകരൻ പകരം വീട്ടി. മണ്ഡലത്തിന്‍റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 94,559 വോട്ടിന് കെ സുധാകരൻ വിജയിച്ചു.
![Kannur Lok Sabha Parliament election 2024 കണ്ണൂർ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 lok sabha election 2024](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/20623586_pk-sreemathi.jpg)
മട്ടന്നൂർ, ധർമ്മടം, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ,കണ്ണൂർ, അഴീക്കോട് തുടങ്ങിയ നിയോജക മണ്ഡലങ്ങൾ ഉൾകൊള്ളുന്നത് ആണ് കണ്ണൂർ ലോകസഭ മണ്ഡലം. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമ്മടവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ തളിപ്പറമ്പ മണ്ഡലവും ഉൾപ്പെടുന്നു. ഇരിക്കൂറും പേരാവൂരൂം ഒഴികെ അഞ്ച് മണ്ഡലങ്ങളിലും പ്രതിനിധാനം ചെയ്യുന്നത് ഇടത് എംഎൽഎമാരാണ്.
![Kannur Lok Sabha Parliament election 2024 കണ്ണൂർ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 lok sabha election 2024](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/20623586_mullappally-ramachandran.jpg)
അതുകൊണ്ട് തന്നെ ഇത്തവണയും തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്. നിലവിലെ എംപിയായ കെ സുധാകരൻ തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അങ്ങനെ വന്നാൽ കെപിസിസി ജനറൽ സെക്രട്ടറിയും കെ സുധാകരന്‍റെ വിശ്വസ്ഥനും ആയ കെ ജയന്തിന്‍റെ പേരാണ് ഉയർന്നു കേൾക്കുന്നത്.
ജയന്തിനെ കൂടാതെ കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ വി പി അബ്‌ദുൾ റഷീദ്, അമൃത രാമകൃഷ്‌ണൻ, ഷമ മുഹമ്മദ് എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്. എം വി ജയരാജനെ കളത്തിലിറക്കി അട്ടിമറി വിജയമാണ് ഇടതുമുന്നണിയിൽ ലക്ഷ്യമിടുന്നത്.