കണ്ണൂര്‍: കണ്ണൂര്‍-കുടക് പാതയില്‍ അപകട ഭീഷണിയായി മരങ്ങള്‍. കൂട്ടുപുഴ മുതല്‍ പെരുമ്പാടി വരെയുളള 18 കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്‍റെ ഇരുവശങ്ങളിലുമായി നൂറുക്കണക്കിന് മരങ്ങളാണ് ചാഞ്ഞും ചരിഞ്ഞും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. വനം ആയതിനാല്‍ മരം മുറിക്കാന്‍ അനുമതിയില്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി. മാക്കൂട്ടത്ത് റോഡില്‍ കൂറ്റന്‍ മരക്കൊമ്പ് വീഴുകയും ഗതാഗതം തടസപ്പെടുകയുമായിരുന്നു. റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി.
നേരത്തെ മാക്കൂട്ടം റോഡ് വീതി കൂട്ടിയപ്പോള്‍ പല മരങ്ങളുടെയും വേര് പുറത്തായി. മഴക്കാലമായതിനാല്‍ മരങ്ങള്‍ റോഡില്‍ പതിക്കാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ചുരം റോഡില്‍ ഇത്രയും ദൂരം വനമേഖലയാണ്. അതുകൊണ്ടു തന്നെ എന്തെങ്കിലും അപകടമുണ്ടായാല്‍ ഇരിട്ടിയില്‍ നിന്നോ വീരാജ്‌പേട്ടയില്‍ നിന്നോ എത്തിവേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധപതിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.