കാസർകോട്: കല്യാശ്ശേരി കള്ളവോട്ടിൽ റീ പോൾ സാധ്യമല്ലെന്ന് കാസർകോട് ജില്ല കലക്‌ടർ കെ ഇമ്പശേഖർ. ആ വോട്ട് അസാധുവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനിങ്ങിന് ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിലും കർശന നടപടി ഉണ്ടാകുമെന്നും ഇമ്പശേഖർ പറഞ്ഞു. അതേസമയം സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. സ്‌പെഷ്യൽ പോളിങ് ഓഫീസർ പൗർണ്ണമി വിവി, പോളിങ് അസിസ്റ്റന്‍റ് പ്രജിൻ ടികെ, മൈക്രോ ഒബ്‌സർവർ ഷീല എ, സിവിൽ പൊലീസ് ഓഫീസർ ലെജീഷ് പി, വീഡിയോഗ്രാഫർ റിജു അമൽജിത്ത് പിപി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
അസി. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ കണ്ണപുരം പൊലീസ് ഈ സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌ത ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ചയാണ് പരാതിക്ക് ഇടയാക്കിയ സംഭവം.
വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഇ കെ ഗണേഷൻ വോട്ട് ചെയ്‌തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Also Read: കല്യാശേരിയിലെ വോട്ട് അട്ടിമറി; ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് യുഡിഎഫ്