കണ്ണൂര്‍: വടക്കേ മലബാറിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ധര്‍മ്മടം ബീച്ച് ടൂറിസം സെന്‍ററില്‍ ഡസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രം ഒരുങ്ങുന്നു. വരുന്ന ഡിസംബര്‍ മാസത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. വിവാഹ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ ധര്‍മ്മടത്തെ കടല്‍ കാഴ്‌ചകളും ഇനി വരുന്നവര്‍ക്ക് ആസ്വദിക്കാം.
വധൂവരന്‍മാര്‍ക്കൊപ്പം വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കും എന്നും ഓര്‍മ്മിക്കാവുന്ന അനുഭവമായിരിക്കും ധര്‍മ്മടത്തെ വെഡിങ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുക. ഒരു സമ്പൂര്‍ണ കടലോര വിനോദ സഞ്ചാര കേന്ദ്രത്തിനൊപ്പം കല്ല്യാണ മേളങ്ങളും ഇനി ധര്‍മ്മടത്ത് സാധ്യമാകും. വിനോദസഞ്ചാര വകുപ്പാണ് ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്.
ധര്‍മ്മടം ടൂറിസം സെന്‍ററില്‍ ഡസ്റ്റിനേഷന്‍ കേന്ദ്രത്തിനുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും. ഇതു സംബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് പദ്ധതി രേഖ സമര്‍പ്പിച്ചിരുന്നു. അതോടെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ ടൂറിസം വകുപ്പും തയ്യാറായി.
ലോകത്ത് എവിടെയുളളവര്‍ക്കും ധര്‍മ്മടത്തെത്തി വിവാഹം കഴിക്കുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്യാം. വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തി വരുന്ന കല്യാണ ചടങ്ങുകള്‍ക്ക് പകരം ഡസ്റ്റിനേഷന്‍ വെഡിങ് മുന്‍കൂറായി ബുക്ക് ചെയ്യാം. വരന്‍റേയും വധുവിന്‍റേയും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒത്തു കൂടി വിവാഹ ചടങ്ങുകള്‍ ആഘോഷമായി നടത്തുന്നതാണ് ഡസ്റ്റിനേഷന്‍ വെഡിങ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടു മുതല്‍ നാല് ദിവസം വരെ പാക്കേജ് ആയും വിവാഹം നടത്താനാകും. സ്ഥല ലഭ്യത, യാത്രാ സൗകര്യം, താമസ സൗകര്യം, എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ രീതിയിലുളള വിവാഹ വേദി തെരഞ്ഞെടുക്കുക. കേരളത്തില്‍ തിരുവന്തപുരം, എറണാകുളം, ആലപ്പുഴ, എന്നിവിടങ്ങളിലാണ് ഡസ്റ്റിനേഷന്‍ വെഡിങ് നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍.
വയനാട്, മൂന്നാര്‍ പോലുള്ള മലയോര മേഖലകളിലും ഇത്തരം വിവാഹങ്ങള്‍ നടന്നു വരുന്നുണ്ട്. ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള കേരളത്തിലെ ആദ്യ വെഡിങ് ഡസ്റ്റിനേഷന്‍ കേന്ദ്രം കോവളത്താണ് നടപ്പാക്കിയിട്ടുള്ളത്. ധര്‍മ്മടത്ത് ടൂറിസം വകുപ്പിന്‍റെ രണ്ടാമത്തെ കേന്ദ്രം തുറക്കുന്നതോടെ മലബാര്‍ മേഖലയിലും ഡസ്റ്റിനേഷന്‍ കേന്ദ്രം ആരംഭിച്ചുവെന്ന പദവിക്ക് അര്‍ഹമാകും.
ഇതോടൊപ്പം വെഡിങ് ഫോട്ടോഷൂട്ടുകള്‍ക്കുള്ള ഇടവും ഒരുങ്ങുന്നുണ്ട്. പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത്‌വേ, പയ്യാമ്പലം ബീച്ച്, ചാല്‍ ബീച്ച്, ധര്‍മ്മടം തുരുത്ത്, ചൂട്ടാട് ബീച്ച്, പാലക്കയം തട്ട് എന്നിവിടങ്ങളിലും വെഡിങ് ഷൂട്ടിങ് നടത്താം. സെറ്റിട്ടും ഷൂട്ടിങ് നടത്താനുള്ള സൗകര്യം ഒരുക്കാനും പദ്ധതിയുണ്ടെന്ന് നിര്‍മാണ ഏജന്‍സി പ്രതിനിധി കെ എസ് അന്‍സാര്‍ പറഞ്ഞു.
Also Read:വാന്‍ വീടാക്കി ലോകം ചുറ്റാനിറങ്ങി; മൂന്നാറിലെ മഞ്ഞിലലിഞ്ഞ് ഇറ്റലിയിൽ നിന്നുള്ള ദമ്പതികള്‍