കാസർകോട് : കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാർഥിയുടെ ആത്മഹത്യ ശ്രമത്തിൽ ഹോസ്റ്റൽ വാർഡനെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. വൈകി ഹോസ്റ്റലിൽ വന്നതിലുള്ള വിരോധം കാരണം വാർഡൻ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിലുള്ള മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
അതേ സമയം കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിങ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിട്ടില്ല. നഴ്‌സിങ് വിദ്യാർഥിനി പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ആത്മഹത്യാശ്രമത്തിന് കാരണക്കാരായവരെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ സഹപാഠികളും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സഹപാഠികൾ ഇന്ന് (ഡിസംബര്‍ 10) സന്ദർശിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് മൻസൂർ ആശുപത്രിയിലേക്ക് വിദ്യാർഥി യുവജന സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസും ആത്മഹത്യ കേസ് സമഗ്രമായി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മാർച്ച് നടത്തും.
വനിത കമ്മിഷൻ സ്വമേധയ കേസെടുത്തു: കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തില്‍ വനിത കമ്മിഷൻ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ കമ്മിഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മിഷൻ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലിൽ എത്തി വിദ്യാർഥികളുടെ മൊഴിയെടുത്തു.
Also Read: നഴ്‌സിങ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം: എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി