ആലപ്പുഴ : കലവൂരിൽ വയോധികയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളെ ഇന്ന് കേരളത്തിലെത്തിച്ചു. പ്രതികളായ മാത്യൂസ്(38) നെയും ശർമിള (36) നെയും കർണാടകയിലെ മണിപ്പാല്‍ പെറംപള്ളിയിൽ നിന്നാണ് പിടികൂടിയത്. സുഭദ്രയുടെ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സുഭദ്രയുടെ കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു എന്നാണ് വിവരം. സുഭദ്രയുടെ ശരീരത്തിന്‍റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂർണമായും തകർന്നിട്ടുണ്ട്. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
തീർഥാടന യാത്രക്കിടെയാണ് പ്രതികളിരൊരാളായ ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. 63 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ്. സെപ്റ്റംബർ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിനെ തുടർന്ന് സെപ്‌റ്റംബർ 7 ന് മകൻ രാധാകൃഷ്‌ണൻ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് രാധാകൃഷ്‌ണൻ നൽകിയ പരാതി. സുഭദ്ര ആലപ്പുഴ കലവൂരിൽ കോർത്തുശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ഒരു വാടകവീട്ടിൽ എത്തിയതായി മനസിലാക്കി. പൊലീസ് സംഘം എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കേസ് ഫയൽ തുടരന്വേഷണത്തിനായി സെപ്റ്റംബർ ഏഴിന് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് നടത്തിയ തുടരന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഫോൺ വിവരങ്ങള്‍ പരിശോധിച്ചപ്പോൾ സുഭദ്ര ആ വാടകവീട് വിട്ടുപോയിട്ടില്ലെന്ന് മനസിലായി.
വിശദമായ അന്വേഷണത്തിൽ മേസ്‌തിരിയായ അജയനെ കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലും ഫോൺ പരിശോധനയിലും ഇയാൾക്ക് പ്രതിയായ മാത്യൂസ് പണം നൽകിയതായി മനസിലാക്കി. മാലിന്യം മൂടാനാണെന്നു തെറ്റിദ്ധരിപ്പിച്ച് അജയനെക്കൊണ്ട് മാത്യൂസ് കുഴി എടുപ്പിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം എത്തിയപ്പോൾ കുഴി മൂടിയ നിലയിലാണ് അജയൻ കണ്ടത്.
പൊലീസ് സംഘം കുഴി തുറന്നു പരിശോധിച്ചപ്പോണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ സാന്നിധ്യം മനസിലാക്കുന്നതിൽ പൊലീസ് നായയുടെ സഹായവും ഉണ്ടായിരുന്നു. തുടർന്ന് പ്രതികളെന്നു സംശയിക്കുന്ന മാത്യൂസും ശർമിളയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി. ഫോൺ, ട്രെയിൻ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ മംഗലാപുരം ഭാഗത്തുണ്ടെന്ന് മനസിലാക്കി.
ഇതിൽ ശർമിളയുടെ സ്വദേശമായ ഉഡുപ്പിയിൽ നേരത്തെതന്നെ പൊലീസ് സംഘം പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഈ സംഘമാണ് ഉഡുപ്പിയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തത്. സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണു കൊലനടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി എം പി മോഹനചന്ദ്രനാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. ആ സ്‌ത്രീക്കൊപ്പമാണ് സുഭദ്ര കൊച്ചിയില്‍ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കല്‍ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിനോട് വ്യക്തമാക്കി.
Also Read : സുഭദ്രയുടെ കൊലപാതകം; ഞെട്ടല്‍ മാറാതെ അയൽവാസികൾ - Neighbor Reacts On Subadhras Death