പത്തനംതിട്ട : കളഭാഭിഷേകം നടത്താനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനം തിരുവോണ ദിനം മുതൽ ശബരിമലയിൽ സന്നിധാനത്ത് തന്നെ തയ്യാറാക്കും. ഒരു ഭക്തന്‍ സമർപ്പിച്ച ചന്ദനം അരച്ചെടുക്കുന്ന മെഷീനുകള്‍ ഉപയോഗിച്ചാണ് ചന്ദനം അരച്ചെടുക്കുക. മെഷീനുകളുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ബോർഡ് അംഗം ജി സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് കളഭാഭിഷേകം നടത്തുന്നതിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. തിരുവോണനാള്‍ മുതൽ ദേവസ്വം ബോർഡിന്‍റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ചന്ദനമുട്ടികള്‍ മെഷിന്‍ ഉപയോഗിച്ച് അരച്ച് ഉപയോഗിക്കും. സ്‌റ്റോക്ക് തീരുന്ന മുറയ്ക്ക് ചന്ദനമുട്ടികൾ വനം വകുപ്പിൽ നിന്നും വാങ്ങി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചന്ദനം അരച്ചെടുക്കുന്ന രണ്ട് മെഷീനുകളോടെപ്പം ആധുനിക സൗകര്യത്തോടുകൂടിയ ശീതീകരണ സംവിധാനവും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ എക്‌സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്യാമപ്രസാദ്, അഡ്‌മിനിസ്ട്രേഷന്‍ ഓഫിസർ ബിജു വി നാഥ്, അസിസ്‌റ്റന്‍റ് എൻജിനീയർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരണമായ സന്നിധാനം മാസികയുടെ ഓണപതിപ്പിന്‍റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ദേവസ്വം ബോർഡ് അംഗം ജി സുന്ദരേശന് നൽകി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് ആണ് ഓണപതിപ്പിന്‍റെ പ്രകാശനം നിർവഹിച്ചത്.
Also Read: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നടതുറന്നു