എറണാകുളം: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരുമാസത്തോളമായി സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കലവൂരിലെ വീട്ടുവളപ്പില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ടെന്നും മൃതദേഹത്തിന് മൂന്നാഴ്‌ചയോളം പഴക്കമുണ്ടെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്ര എങ്ങനെ ആലപ്പുഴ കലവൂരില്‍ എത്തിയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ആരാണ് കൊലപ്പെടുത്തിയതെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.