പത്തനംതിട്ട : മന്ത്രി വീണ ജോർജിന്‍റെ സാന്നിധ്യത്തില്‍ കാപ്പാ കേസ് പ്രതി സിപിഎമ്മില്‍ ചേർന്നു. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് പാർട്ടി അംഗത്വം എടുത്ത് സിപിഎമ്മില്‍ ചേർന്നത്. ഇന്നലെ വൈകുന്നേരം പത്തനംതിട്ട കുമ്പഴയില്‍ നടന്ന സമ്മേളനത്തിലാണ് സിപിഎം അംഗത്വം കൊടുത്തത്. സമ്മേളനം ആരോഗ്യമന്ത്രി വീണ ജോർജാണ് ഉദ്ഘാടനം ചെയ്‌തത്.
സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനുവാണ് ശരണിനെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ശരണിനൊപ്പം മറ്റ് പ്രവർത്തകരും പാർട്ടിയിൽ ചേര്‍ന്നിരുന്നു. പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്‍റെ ഭാഗമായി പ്രവർത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിളും പങ്കുവച്ചിരുന്നു.
പുതുതായി വന്നവർക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണ ജോർജ് ഉള്‍പ്പെടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. സിപിഎം ജില്ല സെക്രട്ടറി കെപി ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരൻ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാല്‍, പത്തനംതിട്ട ഏരിയ സെക്രട്ടറി എംവി സഞ്ജു ഉൾപ്പെടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശരൺ സിപിഎമ്മിൽ എത്തുന്നത്. കഴിഞ്ഞ വർഷം കാപ്പാ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രനെ നാടുകടത്താതെ വകുപ്പിലെ 15 (3) പ്രകാരം താക്കീത് നല്‍കി വിട്ടു. പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസില്‍ ഇയാള്‍ പ്രതിയായതോടെ കാപ്പാ ലംഘിച്ചതിന് മലയാലപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.
ഇതില്‍ ജാമ്യം കിട്ടിയെങ്കിലും പത്തനംതിട്ടയിലെ കേസില്‍ റിമാൻഡിലായി. ജൂണ്‍ 23 നാണ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരണ്‍ നേരത്തേ ബിജെപി അനുഭാവിയായിരുന്നു.
സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി : കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു. ശരണ്‍ ചന്ദ്രൻ നിലവില്‍ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ല സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.
ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയില്‍ താക്കീത് നല്‍കിയിട്ടെയുള്ളുവെന്നും ആർഎസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു. രാഷ്ട്രീയ കേസുകളില്‍ പെടുന്നവർക്കെതിരെ കാപ്പാ ചുമത്തുന്നത് തെറ്റെന്നും ജില്ല സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.