തൃശൂര്‍: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ മൂന്നാമൂഴത്തിന് മന്ത്രിമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായപ്പോള്‍ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് അടക്കം കരുതലോടെയായിരുന്നു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ തെരഞ്ഞെടുത്തത് വ്യക്തമായ കണക്കുകൂട്ടലോടെയാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായതോടെ ഇനി സംഘടന സംവിധാനത്തില്‍ ആരൊക്കെ എന്ന ചോദ്യം ഉയരുകയാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും നിലവിലുള്ള സംസ്ഥാന അധ്യക്ഷന്മാരെ മാറ്റാതെ തന്നെ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. അങ്ങിനെയെങ്കില്‍ കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായി തുടരും. പുതിയ ദേശീയ അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരും ഉടന്‍ ചുമതലയേല്‍ക്കും. കേരളത്തില്‍ നിന്ന് വി.മുരളീധരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്.
2019നെ അപേക്ഷിച്ച് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ നേരിയ കുറവുണ്ടായ ശേഷമാണ് കേരളത്തില്‍ ബിജെപി വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 12.5 ലക്ഷം വോട്ടുകള്‍ വര്‍ധിച്ചു. ഏകദേശം 37.50 ലക്ഷം വോട്ടുകളാണ് ബിജെപി പെട്ടിയിലാക്കിയത്. വോട്ട് വിഹിതത്തിലും ശ്രദ്ദേയമായ മുന്നേറ്റമുണ്ടായി. ഇടതുമുന്നണിക്ക് 67.50 ലക്ഷവും യുഡിഎഫിന് 90 ലക്ഷവും വോട്ടുകളാണ് ഇത്തവണ ലഭിച്ചത്.
2019ല്‍ 37,40,952 ലക്ഷം വോട്ട് നേടിയിടത്ത് നിന്ന് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് ഗണ്യമായി ഇടിഞ്ഞിരുന്നു. 26,00000 വോട്ട് മാത്രമാണ് 2021ല്‍ ബിജെപി നേടിയത്. അവിടെ നിന്നാണ് ഒറ്റയടിക്ക് 11,00000 വോട്ടുകള്‍ കൂടുതല്‍ നേടിയത്.
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ രാജിക്ക് വേണ്ടി മുറവിളി ഉയര്‍ന്നിരുന്നെങ്കിലും സുരേന്ദ്രന്‍ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നേരിടുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അമിത് ഷായും കേരളത്തില്‍ പല തവണ പ്രഖ്യാപിച്ചിരുന്നു.
പുതുതായി പാര്‍ട്ടിയിലെത്തുന്ന നേതാക്കള്‍ക്ക് വലിയ പരിഗണന ലഭിക്കുമ്പോള്‍ ആദ്യ കാലം തൊട്ട് പാര്‍ട്ടിയില്‍ ഉറച്ച് നിന്ന് പൊരുതിയ നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതി ഒരു വിഭാഗത്തിനുണ്ടായിരുന്നു. അത് പരിഹരിച്ച് കൊണ്ടാണ് ജോര്‍ജ് കുര്യന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കിയത്. സംസ്ഥാനത്ത് ബിജെപി ഉണ്ടാക്കിയ മുന്നേറ്റം വച്ച് ഓരോ നേതാക്കള്‍ക്കും ചുമതലകള്‍ നിശ്ചയിച്ച് നല്‍കും. ശോഭ സുരേന്ദ്രനും കൃത്യമായ ചുമതല ലഭിക്കും.
മന്ത്രിമാരെ തെരഞ്ഞെടുത്തതില്‍ അടക്കം സാമുദായിക സന്തുലനം ബിജെപി ഉറപ്പ് വരുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നായര്‍ സമുദായത്തില്‍ നിന്ന് സുരേഷ് ഗോപിയും ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ നിന്ന് ജോര്‍ജ് കുര്യനും മന്ത്രിമാരായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന്‍ തുടരുന്നതിലൂടെ മതിയായ ഈഴവ പ്രാതിനിധ്യമായെന്ന് പാര്‍ട്ടി കരുതുന്നു.
വി.മുരളീധരന്‍ ദേശീയ നേതൃത്വത്തില്‍ എത്തുന്നതോടെ ഈഴവ വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യമാവും. ഓരോ വിഭാഗത്തിന്‍റേയും ആവശ്യങ്ങള്‍ യഥാ സമയം കേന്ദ്ര നേതൃത്വത്തെ അറിയിച്ച് യഥാസമയം പരിഹരിക്കുന്നതിനുള്ള ചുമതലയും വി.മുരളീധരനാവും. അനില്‍ ആന്‍റണി, പിസി ജോര്‍ജ്ജ്, മകന്‍ ഷോണ്‍ ജോര്‍ജ്, അനൂപ് ആന്‍റണി എന്നിവര്‍ക്കും വലിയ റോള്‍ ലഭിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഭരണം പിടിക്കുന്നതോടൊപ്പം കോഴിക്കോട് അടക്കമുള്ള ഇടങ്ങളില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ ബിജെപി ലക്ഷ്യമിടുന്നു. കൂടുതല്‍ നഗര സഭകളിലും പാര്‍ട്ടി ഭരണം ലക്ഷ്യം വയ്‌ക്കുന്നു.
നിയമസഭയില്‍ ചുരുങ്ങിയത് 30 സീറ്റുകളിലെങ്കിലും ബിജെപി വലിയ സാധ്യത കാണുന്നുണ്ട്. ഇവിടെ കേന്ദ്രീകരിച്ച് പ്രവൃത്തിക്കാനുള്ള നേതാക്കള്‍ക്ക് ഉടനെ നിര്‍ദേശം ലഭിക്കും. പാര്‍ട്ടിയുടെ ബൂത്ത് തല പ്രവര്‍ത്തനം ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഭരണ മുന്നണിയായ എല്‍ഡിഎഫ് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 2019ല്‍ ആകെയുള്ള 20ല്‍ 19 സീറ്റും നേടിക്കൊണ്ടായിരുന്നു യുഡിഎഫ് മുന്നേറിയതെങ്കില്‍ ഇത്തവണ 18 സീറ്റ് നിലനിര്‍ത്താന്‍ അവര്‍ക്കായി. സിപിഎം നേട്ടം ഇത്തവണയും ഒറ്റ സീറ്റിലൊതുങ്ങിയപ്പോള്‍ ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരാളെ ലോക്‌സഭയിലേക്ക് ജയിപ്പിക്കാനുമായി.
ഒറ്റനോട്ടത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇങ്ങിനെ ചുരുക്കാമെങ്കിലും കേരളത്തില്‍ ഉരുത്തിരിയുന്ന രാഷ്‌ട്രീയ ചിത്രം വളരെ വലുതാണ്. 11 നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാമതെത്തിയ ബിജെപി 4 മണ്ഡലങ്ങളില്‍ നേരിയ വോട്ട് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. വോട്ട് വ്യത്യാസം 5000ത്തിന് മുകളിലുള്ള 5 മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തുണ്ട്.
ഒന്നാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളിലെല്ലാം ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ഈ 11 മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് 10,000 ത്തില്‍ താഴെ ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. രണ്ട് വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകളാണ് ബിജെപി വോട്ടു വളര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരമ്പരാഗതമായി സിപിഎമ്മിനൊപ്പം നില്‍ക്കാറുള്ള ഈഴവ വോട്ടുകളും ക്രൈസ്‌തവ വോട്ടില്‍ ഒരു വിഭാഗവും നായര്‍ വോട്ടുകളും പട്ടിക വര്‍ഗ വോട്ടുകളും പതിവ് പോലെ ബിജെപിക്ക് നില നിര്‍ത്താനായി.
ഈ മുന്നേറ്റം നല്‍കുന്ന സൂചന വച്ച് 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ബിജെപി നിരവധി സീറ്റുകളില്‍ വിജയത്തിന് അടുത്തെത്താനിടയുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.