പാലക്കാട്: കൊടകര കുഴല്‍പ്പണക്കേസില്‍ ശോഭാ സുരേന്ദ്രന് യാതൊരു പങ്കുമില്ലെന്നും അവരെ ഒറ്റപ്പെടുത്തില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. ഇപ്പോഴത്തെ വിവാദങ്ങളുമായി ശോഭാ സുരേന്ദ്രന് ബന്ധമുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊടകര കുഴല്‍പ്പണ വിവാദത്തില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന പ്രചാരണം സംബന്ധിച്ച് പാലക്കാട് മാധ്യമങ്ങളോടായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.
മാധ്യമങ്ങൾ അവരുടെ റേറ്റിങ്ങിന് വേണ്ടി ബിജെപിയുടെ ഏതെങ്കിലും നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സമീപനം ശരിയല്ല. ഈ വിഷയത്തിൽ ശോഭാ സുരേന്ദ്രനെ അനാവശ്യമായി വലിച്ചിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിൽ ശരിയായി ചർച്ച ചെയ്യേണ്ട രാഷ്‌ട്രീയം ചർച്ച ചെയ്യാതിരിക്കാൻ യുഡിഎഫും എൽഡിഎഫും നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം. അതിൽ ഏതെങ്കിലും ബിജെപി നേതാക്കളുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്. തങ്ങളുടെ പാർട്ടി ഒറ്റക്കെട്ടായാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
'ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോകും'
പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമമെങ്കിൽ ഭാരതീയ ജനതാ പാർട്ടി കേരള ഘടകം ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് താൻ ആവർത്തിച്ച് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
Also Read: 'സതീശന് പിന്നില്‍ സിപിഎം'; ആരോപണങ്ങളുടെ 'തിരക്കഥ' എകെജി സെന്‍ററില്‍ നിന്നെന്ന് ശോഭ സുരേന്ദ്രൻ