കോഴിക്കോട്: വയനാട് എൻ്റെ കുടുംബം എൻ്റെ രണ്ടാം വീട് എന്നൊക്കെ പറഞ്ഞ രാഹുൽ ഗാന്ധി ആളെ പറ്റിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയം കാണിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞടുപ്പ് കഴിയുന്ന വരെ മറ്റൊരിടത്ത് മത്സരിക്കുന്ന കാര്യം രാഹുൽ മറച്ചുവെച്ചു. അമേഠിയിൽ മത്സരിച്ചിരുന്നെങ്കിൽ അത് കഴിഞ്ഞ തവണ തോറ്റ മണ്ഡലം എന്ന രാഷ്ട്രീയ ദൗത്യമെന്ന് പറയാമായിരുന്നു.
റായ്‌ബറേലിയിൽ മത്സരിക്കുന്നത് ഭീരുത്വമാണ്, രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ തോൽക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ വെയിൽ കൊണ്ട ലീഗുകാർ ഉൾപ്പെടെയുള്ളവർക്ക് ഉള്ള കൂലിയാണ് അദ്ദേഹം കൊടുത്തത്. വയനാട് കോൺഗ്രസിൻ്റെ സുരക്ഷിത സീറ്റ് ആയി അധിക കാലം ഉണ്ടാവില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്‌ബേലിയില്‍ നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വിവരം ഇന്നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം.
അതേസമയം, കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ ബിജെപി ജയിക്കുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വടകരയിൽ ബിജെപി നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ തവണ 80,000 വോട്ട് കിട്ടിയ മണ്ഡലമാണ്. ഇതിൻ്റെ രണ്ട് ഇരട്ടിയിൽ അധികം വോട്ട് ഇത്തവണം കിട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇപി ജയരാജനുമായി ചർച്ച നടത്തി എന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയ സംഭവം അടഞ്ഞ അധ്യായമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേകുറിച്ച് ഇനി ചർച്ചയില്ല. ശോഭക്കെതിരെ എന്തിന് നടപടി എടുക്കണമെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ബസില്‍ ബസിൽ എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വകുപ്പ് മന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. വിഷയത്തില്‍ ആരുടെ അടുത്താണ് അപാകത എന്ന കാര്യം ഗണേഷ് കുമാര്‍ പറയണം. എന്ത് അടിസ്ഥാനത്തിലാണ് എംഎല്‍എ ബസിനുള്ളില്‍ കയറി ആളുകളെ ഇറക്കിവിട്ടത്. ബസ് ഡ്രൈവര്‍ക്ക് കേരളത്തിന്‍റെ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.