കോട്ടയം : സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് അതിക്രമത്തിനിരയായവർ വെളിപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലം എംഎൽഎ മുകേഷിനെതിരായിട്ട് ഉയർന്നുവന്ന ആരോപണത്തിലും സർക്കാർ ബോധപൂർവ്വം കണ്ണടയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ മന്ത്രിയായിരുന്ന എംജി അക്‌ബറിനെതിരെ ഉയർന്നുവന്ന മീ ടൂ ആരോപണത്തിൻ്റെ പേരിൽ രാജിവയ്‌ക്കേണ്ടിവന്നു. അന്ന് ഇടത് പക്ഷവും കോൺഗ്രസും പ്രത്യേകിച്ച് സിപിഎം പോളിറ്റ് ബ്യൂറോയും കോൺഗ്രസിൻ്റെ നേതാക്കളുമാണ് ഉടൻ രാജി ആവശ്യപ്പെട്ടത്. സിദ്ദിഖിൻ്റെ കാര്യത്തിൽ കോൺഗ്രസിനും ഒരു അനങ്ങാപ്പാറ നയമാണ് ഉണ്ടായിരുന്നത്.
സിദ്ദിഖിൻ്റെ കാര്യത്തിൽ അതിജീവിത തന്നെ പറയുന്നുണ്ട്, പൊലീസിനെ സമീപിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്ന്. ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുളള മുഖ്യമന്ത്രിയാണ് ഇതിൽ മറുപടി പറയേണ്ടത്. സംസ്ഥാനത്ത് സ്‌ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമക്കേസുകളിൽ പൊലീസിൽ പരാതി നൽകിയാൽ പോലും നടപടിയുണ്ടാകുന്നില്ലായെന്ന കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.
ആഭ്യന്തരവകുപ്പ് സ്ഥാനത്തിരിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് യോഗ്യതയാണ് ഉളളതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇപ്പോൾ ഇവർ പറയുന്നത്, ആരും തന്നെ പൊലീസിൽ പരാതി നൽകിയിട്ടില്ലായെന്നുളളതാണ്. വിചിത്രമായ വാദമാണിത്. സിനിമാരംഗത്തെ അനാശാസ്യമായ പ്രവണതകൾ കണ്ടുപിടിച്ച് അതിന് പരിഹാരം കാണും എന്ന് പറഞ്ഞുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്.
പൊലീസിൽ പരാതി പറയാനായിരുന്നെങ്കിൽ സർക്കാരിന് നേരത്തെ സിനിമ നടിമാരോട് നിങ്ങൾ പൊലീസിനെ സമീപിച്ചോളൂ എന്ന് പറഞ്ഞാൽ മതിയായിരുന്നില്ലേ?. ഡബ്ല്യുസിസി മുഖ്യമന്ത്രിയെ സമീപിച്ച് നിവേദനം നൽകിയപ്പോൾ അന്ന് അങ്ങനെ പറഞ്ഞാൽ മതിയായിരുന്നില്ലോയെന്ന് അദ്ദേഹം ആരാഞ്ഞു. അതിന് പകരം സിനിമാരംഗത്തെ അനാശാസ്യ പ്രവണതകൾ മുഴുവൻ പരിശോധിച്ച് ഒരു റിപ്പോട്ട് തയ്യാറാക്കി നടപടിയെടുക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.