പാലക്കാട് : പാണക്കാട് തങ്ങൾ വിമർശനത്തിന് അതീതനല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾക്ക് പോലും ആ പാർട്ടിയിൽ തുടരണമെങ്കിൽ പാണക്കാട്ട് ചെന്ന് വണങ്ങേണ്ട ഗതികേടാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
'ജനാധിപത്യത്തിൽ ആരും വിമർശനത്തിന് അതീതരല്ല. ഗാന്ധിയും യേശുവും മോദിയും എല്ലാം വിമർശിക്കപ്പെടുന്നു. പാണക്കാട് തങ്ങൾക്ക് എന്താണ് പ്രത്യേകത. പൊതുപ്രവർത്തകർ വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ബാധ്യസ്ഥരാണ്. കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനാവുകയുള്ളുവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യൻമാരെ നവാഗതർ കാണാത്തത്?. എന്തുകൊണ്ടാണ് തട്ടിൽ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരൻ നായരെയോ പുന്നലയേയോ വിശ്വകർമ്മ നേതാക്കളെയോ മൂത്താൻ സമുദായ നേതാക്കളെയോ കാണാത്തത്?.
ഇവരെയൊന്നും പരിഗണിക്കേണ്ടെന്നാണോ കോൺഗ്രസിൻ്റെ നിലപാട്?. വിഡി സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്?. പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതി തെരഞ്ഞെടുപ്പ് ജയിക്കാൻ എന്നാണ് വിഡി സതീശൻ വിചാരിക്കുന്നത്. ലജ്ജാകരമായ സ്ഥിതിയിലേക്ക് കോൺഗ്രസ് എത്തി. പാലക്കാട് നടക്കുന്ന കാര്യങ്ങൾ മുരളീധരനും തങ്കപ്പനും ഒന്നും അറിയില്ലെന്നാണ് പറയുന്നത്.
കോൺഗ്രസ് ഒരു വിഭാഗത്തിൻ്റേത് മാത്രമായി മാറിക്കഴിഞ്ഞു. വിഡി സതീശനും ഷാഫി പറമ്പിലും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയിൽ കൊണ്ട് കെട്ടിയിരിക്കുകയാണ്. പിഡിപിയുമായി ചേർന്ന് പ്രചരണം നടത്തുകയാണ് എൽഡിഎഫ് ചെയ്യുന്നത്. ഒരു വിഭാഗത്തിൻ്റെ വോട്ട് കിട്ടാൻ വർഗീയത പ്രചരിപ്പിക്കുമ്പോൾ ബാക്കിയുള്ള ജനങ്ങൾക്ക് ഒരു വിലയുമില്ലേ?.
മുനമ്പം വഖഫ് ഭൂമിയായി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിം സംഘടനകൾ പറയുന്നത്. ഇതിനെക്കുറിച്ച് കോൺഗ്രസും ഇടതുപക്ഷവും നിലപാട് വ്യക്തമാക്കണമെ'ന്ന് കെ. സുരേന്ദ്രൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.