തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനം കച്ചവടവല്‍ക്കരിക്കപ്പെട്ട കാലത്തും പ്രലോഭനങ്ങള്‍ക്ക് വശം വദനാകാതെ ഉദാത്തമായ മാധ്യമ ധര്‍മം ഉയര്‍ത്തിപ്പിടിച്ച റാമോജി റാവു മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സംരംഭകര്‍ക്കും മാതൃകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അനുസ്‌മരിച്ചു.
രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും എന്നും ചിന്തിച്ച അദ്ദേഹം അവസാന കാലം വരെ മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഇന്ത്യയുടെ മതേതര ഫെഡറല്‍ മൂല്യങ്ങള്‍ കാത്ത് സംരക്ഷിക്കുന്നതിലും റാമോജി റാവുവിന്‍റെ സമയോചിതമായ മാധ്യമ ഇടപെടലുകള്‍ കാലാകാലങ്ങളില്‍ ഉണ്ടായി.
ലോക സിനിമയ്ക്ക് മുന്നില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന എണ്ണം പറഞ്ഞ ചലച്ചിത്രങ്ങള്‍ക്കുള്ള പശ്ചാത്തലമൊരുക്കിയ അദ്ദേഹത്തിന്‍റെ റാമോജി ഫിലിം സിറ്റി ലോകത്തിലെ തന്നെ മികച്ച ഫിലിം സിറ്റികളിലൊന്നാണ്. ചലച്ചിത്ര ടെലിവിഷന്‍ മേഖലയ്ക്കും മാധ്യമ ലോകത്തിനും തീരാത്ത നഷ്‌ടമാണ് റാമോജി റാവുവിന്‍റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ഇടിവി ഭാരത് എന്ന ഡിജിറ്റല്‍ വാര്‍ത്ത നെറ്റ്‌വര്‍ക്കിലൂടെ മലയാളികളുടെ ശബ്‌ദമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അതിശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് വിയോഗം സംഭവിച്ചിരിക്കുന്നത്. റാമോജി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റാമോജി റാവുവിന്‍റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടേയും റാമോജി ഗ്രൂപ്പിന്‍റെയും ദുഖത്തില്‍ പങ്കു ചേരുന്നതായും കെ സുധാകരന്‍ എംപി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.