തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായത് ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണെന്നും പിണറായി സര്‍ക്കാര്‍ ഇത് മനഃപൂര്‍വ്വം തമസ്‌കരിക്കുകയാണെന്നും കെ സുധാകരൻ വാർത്ത കുറിപ്പിലൂടെ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ചയാളാണ് പിണറായി വിജയന്‍. എന്നാൽ ഇന്ന് പദ്ധതിയുടെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്. പദ്ധതിയുടെ നിര്‍മ്മാണ ചെലവ് എല്‍ഡിഎഫിന്‍റെ സമരങ്ങള്‍ കാരണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായി.
എല്‍ഡിഎഫും പിണറായി സര്‍ക്കാരുമാണ് 2019ല്‍ യാഥാര്‍ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്‍റെ ഉത്തരവാദികൾ. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ ഉള്‍പ്പടെയുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമായപ്പോഴും യുഡിഎഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്‍റെ അല്‍പ്പത്തരം പ്രകടമായെന്നും സുധാകരന്‍ വിമർശിച്ചു.