കോട്ടയം: ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ മുഴുവന്‍ പിടിയിലായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കൊലയാളി സംഘത്തില്‍ കണ്ണൂര്‍ ജില്ലക്കാരായിരുന്നു കൂടുതലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശമില്ലാതെ ഉത്തര മലബാറില്‍ കൊലപാതകം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാലായില്‍ കെപിസിസി നടത്തുന്ന സമരാഗ്നി ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതില്‍ പിണറായിക്ക് പ്രത്യേക താത്‌പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നിരവധി ഇടതുപക്ഷ മുഖ്യമന്ത്രിമാരെ കണ്ടിട്ടുള്ള നാടാണ് കേരളം. എന്നാല്‍ ഇതുപോലൊയൊരു മുഖ്യമന്ത്രി ചരിത്രത്തിലുണ്ടായിട്ടില്ല.
ഇതുപോലെയൊരു മുഖ്യമന്ത്രി ഈ രാജ്യത്ത് തന്നെ ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഭരണത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാനും മക്കളെ സമ്പന്നരാക്കാനും ശ്രമിക്കുന്ന പിണറായിയെ പോലെ മറ്റൊരു മുഖ്യമന്ത്രി ഇതുവരെയുംകേരളത്തിലും ഇന്ത്യയിലും ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
എല്ലാ അർഥത്തിലും ജനങ്ങൾക്ക് നാശം വിതയ്ക്കുന്ന സർക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ളതെന്ന് കെ. സുധാകരൻ പറഞ്ഞു. വയനാട്ടിൽ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ പോയിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇവിടെ സുരക്ഷയില്ല. അതിന് ഏറ്റവും വലിയ തെളിവാണ് വാളയാറിലെ 9,13 വയസുള്ള സഹോദരിമാരുടെ കൊലപാതകം.
വണ്ടിപ്പെരിയാറിലെ കുരുന്ന് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെ ഭരണ സംവിധാനം പൂര്‍ണ പരാജയമാണ്. മുഖ്യമന്ത്രി ചെയ്‌ത അഴിമതി കേസിലെ കൂട്ടു പ്രതിയാണ് ശിവശങ്കര്‍. അയാള്‍ ജയിലിൽ കിടക്കുമ്പോഴും മുഖ്യപ്രതിയായ മുഖ്യമന്ത്രി ഇവിടെ സ്വൈര ജീവിതം നയിക്കുകയാണ്.
പിണറായിയെ മോദി സഹായിക്കുന്നു. മോദിയെ പിണറായിയും സഹായിക്കുന്നു. ഈ നാട് പോകുന്നത് അപകടകരമായ നിലയിലേക്കാണെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനവുമായി വിഡി സതീശന്‍: സമരാഗ്നി ജാഥയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതൊരു മഹായുദ്ധമാണ്. നമുക്ക് ഇവിടെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തോല്‍ക്കുന്നത് രാജ്യത്തെ മതേതരത്വവും ജനാധിപത്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയെ ഈ മണ്ണിൽ കുഴിച്ചുമൂടി ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വീറുറ്റ പോരാളികളെ പോലെ ഓരോ കോൺഗ്രസ് പ്രവർത്തകനും രംഗത്തെത്തണമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഒരു വർഷത്തിനിടെ രണ്ട് തവണയാണിവിടെ വൈദ്യുതി ചാർജും വെള്ളക്കരവും വർധിപ്പിച്ചത്. കെട്ടിട നികുതി കുത്തനെ ഉയര്‍ത്തി. ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി. എല്ലാ സർക്കാർ സേവനങ്ങൾക്കും നിരക്ക് വർധിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികള്‍ക്ക് നല്‍കാന്‍ മരുന്നില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ ചികിത്സ പദ്ധതി അട്ടിമറിക്കപ്പെട്ടു.
കാർഷിക ഉത്പന്നങ്ങൾക്ക് വിലയില്ല. ജില്ലകൾ തോറും നടത്തിയ ജനസദസിൽ കണ്ടത് സങ്കടങ്ങളുടെ പെരുമഴയാണ്. എല്ലാ അർഥത്തിലും ജനവിരുദ്ധ സർക്കാരാണ് കേരളത്തിലേത്. ഇതിന് നമുക്ക് അറുതി വരുത്തണം. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെ ഇറക്കണമെന്നും സതീശൻ പറഞ്ഞു.
ഇന്നലെ (ഫെബ്രുവരി 22) രാത്രി പാലായില്‍ എത്തിയ സമരാഗ്നിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പി.സി വിഷ്‌ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, വി.പി സജീന്ദ്രൻ, അജയ് തറയിൽ, ഷാനിമോൾ ഉസ്‌മാൻ, അബ്‌ദുല്‍ മുത്തലിബ്, ജോസി സെബാസ്റ്റ്യൻ, പി.എ സലിം, എം.ജെ ജോബ്, ടോമി കല്ലാനി, ദീപ്‌തി മേരി വർഗീസ്, ഫിലിപ്പ് ജോസഫ്, പി.എസ് രഘുറാം, എം.ബി സന്തോഷ് കുമാർ,മോഹൻ കെ.നായർ തുടങ്ങിയവരും പങ്കെടുത്തു.
Also Read : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യം; പ്രതികള്‍ എത്ര ഉന്നതരായാലും നടപടിയെന്ന് മുഖ്യമന്ത്രി