എറണാകുളം: സിൽവർ ലൈൻ റെയിൽവേയുമായി നടത്തിയ ചർച്ച പൊസിറ്റീവ് എന്ന് കെ റെയിൽ. തുടർ ചർച്ചകൾ ഉണ്ടാകുമെന്നും ഇന്നത്തേത് പ്രാഥമിക ഘട്ട ചർച്ച മാത്രമാണെന്നും കെ റെയിൽ എംഡി അജിത് കുമാർ പറഞ്ഞു. ഡിപിആർ അടക്കമുള്ള കാര്യങ്ങൾ വിഷയമായെന്നും എംഡി വ്യക്തമാക്കി.
ദക്ഷിണ റെയിൽവേ ഉദ്യാഗസ്ഥരും കെ റെയിൽ അധികൃതരും ഇന്ന് (ഡിസംബര്‍ 05) കൊച്ചിയിൽ ഹ്രസ്വ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൊച്ചിയിലെ റയിൽവേ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസിലായിരുന്നു കൂടിക്കാഴ്‌ച. റെയിൽവേയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കെ റെയിൽ പദ്ധതിയിൽ മാറ്റം വരുത്തണമെന്നാണ് റെയിൽവേയുടെ നിലപാട്.
കെ റെയിലിനായി നിർമിക്കുന്ന പാത റെയിൽവേക്ക് കൂടി ഉപയോഗിക്കാൻ കഴിയണം എന്നതാണ് പ്രധാന ആവശ്യം. ഇതിനായി പാത ബ്രോഡ്‌ഗേജാക്കണമെന്ന നിർദേശവും റെയിൽവേ മുന്നോട്ട് വയ്ക്കുന്നു. അതേസമയം സിൽവർ ലൈനിന് വിഭാവനം ചെയ്‌ത പാത സ്‌റ്റാൻഡേഡ് ഗേജിലുമാണ്.
കെ റെയിൽ പാതയുടെ സ്വഭാവം മാറ്റാൻ തയ്യാറാകുമോ എന്നതാണ് പദ്ധതിയുടെ ഭാവി നിർണയിക്കുന്ന കാര്യങ്ങളിലൊന്ന്. സിൽവർ ലൈൻ നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണമെന്ന നിർദേശവും റെയിൽവേ മുന്നോട്ട് വയ്‌ക്കുന്നു. അതേ സമയം റെയിൽവേയുടെ ഈ നിർദേശങ്ങൾ എല്ലാം റെയിൽവേ ലക്ഷ്യമിടുന്ന മൂന്ന്, നാല് പാതകളുടേത് കൂടിയാണ്.
ഓട്ടമാറ്റിക് സിഗ്നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നതും റെയിൽവേയുടെ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. റെയിൽവേയുടെ നിർദേശങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമേ പദ്ധതിയുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. കേരള റെയിൽ സമർപ്പിച്ച പദ്ധതി ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡിപിആർ പുതുക്കി സമർപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം നിർദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.