തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ തന്‍റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള വാർത്തകളിൽ 'ഹ...ഹ...ഹ...' എന്ന് മറുപടി നല്‍കി കെ മുരളീധരൻ. മുഖ്യമന്ത്രിയെ പരിഹസിച്ചതാണോയെന്ന ചോദ്യത്തിന് ഉത്തരമില്ലാത്തപ്പോഴുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉറപ്പായും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ചേലക്കരയില്‍ നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ഥാനാർഥിത്വത്തിൽ തർക്കമുണ്ടോ എന്ന ചോദ്യത്തിന് പാർട്ടിയാകുമ്പോൾ തർക്കമുണ്ടാകുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയാലുടൻ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ചേലക്കരയിൽ ബിജെപി സ്ഥിരം നിന്നു തോൽക്കുന്ന സ്ഥാനാർഥികളെ മാത്രം നിർത്തുന്നു.
ചേലക്കരയിൽ പ്രദേശികമായ പ്രശ്‌നങ്ങൾ ശ്രീകണ്‌ഠൻ ഡിസിസി പ്രസിഡന്‍റായി എത്തിയ ശേഷം പരിഹരിച്ചു. ചേലക്കരയിൽ സംഘടന പ്രവർത്തനം ഇപ്പോൾ ശക്തമായി. വോട്ട് കച്ചവടം നടത്തിയാലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകൾക്ക് നേരെ കേന്ദ്രത്തിന്‍റെ ഫാസിസ്റ്റ് കടന്നു കയറ്റം: മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന കേന്ദ്ര ബാലവകാശ കമ്മിഷന്‍റെ തീരുമാനം ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ഫാസിസ്റ്റ് കടന്നു കയറ്റത്തിന്‍റെ ഭാഗമാണെന്ന് കെ മുരളീധരൻ വിമർശിച്ചു. വ്യക്തമായ നയം സർക്കാർ പ്രഖ്യാപിക്കണം. കേരളത്തിൽ ഒരു മദ്രസകളും സർക്കാർ സഹായം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ഥിതിയിൽ മദ്രസകളിൽ പോകുന്ന എല്ലാ വിദ്യാർഥികളും പൊതു വിദ്യാഭ്യാസത്തിന് പോകുന്നുണ്ട്. ഉത്തരേന്ത്യയിൽ പെൺകുട്ടികളെ ചുട്ടുകൊന്നപ്പോൾ മിണ്ടാതിരുന്ന ബാലാവകാശ കമ്മിഷനാണ് ഇപ്പോൾ മദ്രസകൾക്കെതിരെ രംഗത്തുവന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകണമെന്നും മുരളീധരൻ വ്യക്തമാക്കി.
ശബരിമലയിൽ സർക്കാർ നയം മാറ്റണം: ശബരിമലയിൽ സ്പോട് ബുക്കിങ് ഒഴിവാക്കാനുള്ള സർക്കാർ നയം മാറ്റണമെന്നും കെ മുരളീധരൻ പറഞ്ഞു. സ്പോട് ബുക്കിങ് എങ്ങനെ നിർത്തലാക്കിയെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നില്ല. ദർശനത്തിന് എത്തുന്നവർ മടങ്ങില്ലെന്ന് പറയുമ്പോൾ അത് എങ്ങനെയെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നില്ല. വിഷയത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.