പാലക്കാട്: മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെ വലിച്ചിഴച്ചത് സംസ്ഥാന സർക്കാരാണെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് കെ മുരളീധരൻ. സർക്കാർ അടിയന്തരമായി ഇടപെട്ടാൽ തീരാവുന്ന പ്രശ്‌നമേ മുനമ്പത്ത് ഉള്ളുവെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പിച്ച് കഴിഞ്ഞുവെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ചേലക്കരയിൽ അൽപം ആശങ്ക ഉണ്ടായിരുന്നെങ്കിലും അതും പരിഹരിക്കപ്പെട്ടു. മാത്രമല്ല അയ്യായിരത്തിലധികം വോട്ടിന് രമ്യ ഹരിദാസ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേലക്കര മണ്ഡലം പരമ്പരാഗതമായി ഇടതുപക്ഷത്തിന് ഒപ്പമാണെന്നുള്ള അവകാശവാദം ശരിയല്ല. ആറ് തവണ യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. തെരഞ്ഞെടുപ്പിൽ വികസന വിഷയങ്ങൾ സിപിഎമ്മും ബിജെപിയും ചർച്ച ചെയ്യുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കത്ത് വിവാദവും ട്രോളിയും സ്‌പിരിറ്റും രംഗത്തിറക്കി ഭരണപരാജയം മറച്ചുവക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. ഇടതുപക്ഷ സർക്കാരിന് ഭരണ നേട്ടമായി ഒന്നും പറയാനില്ല. സീപ്ലെയിൻ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ്. തങ്ങൾ വികസനം മാത്രം ലക്ഷ്യം വെക്കുന്നത് കൊണ്ടാണ് അതെല്ലാം വിവാദമാകാതെ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ട് രാഹുൽ മാങ്കുട്ടത്തിൽ 10,000ത്തിൽ പരം വോട്ടുകൾക്ക് വിജയിക്കും. എഡി എം നവീൻ ബാബുവിന്‍റെ വിഷയത്തിൽ പത്തനംതിട്ടയിലെ സിപിഎം കടുത്ത അതൃപ്‌തിയിലാണ്. കണ്ണൂർ ലോബിയുടെ ഇടപെടലിൽ പ്രതിഷേധിച്ചാണ് രാഹുൽ മാങ്കൂട്ടത്തലിന് അനുകൂലമായി അവർ ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടതെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്‍റെ വാർത്താ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനും പങ്കെടുത്തു.