പാലക്കാട്: നിലവില്‍ കെപിസിസി പ്രസിഡൻ്റിനെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഒരു ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും തമ്മിൽ ഒരു പ്രശ്‌നവുമില്ല. മാടായി കോളജ് വിഷയത്തിൽ കോഴിക്കോട് എംപി രാഘവനെതിരായ പരസ്യ പ്രതികരണങ്ങൾ പാർട്ടി അച്ചടക്കത്തിന് ചേർന്നതല്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ല. ഉണ്ടെങ്കിൽ എല്ലാവരും അറിയുമല്ലോ. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും തമ്മിൽ ഒരു പ്രശ്‌നവുമില്ല. സുധാകരൻ പ്രസിഡൻ്റ് സ്ഥാനത്ത് തുടരണം എന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.
പ്രതിപക്ഷ നേതാവിനെതിരായ ഒരു നീക്കവും പാർട്ടിയിൽ നടക്കുന്നില്ല. ചിലർ കോലിട്ട് കുത്താൻ ശ്രമിക്കുന്നുണ്ട്. അത് എല്ലാ കാലത്തും ഉള്ളതാണ്. അത് കണക്കാക്കേണ്ടതില്ല. പുനഃസംഘടന വേണ്ട എന്നൊന്നും പറയുന്നില്ല.
അത് എങ്ങനെ വേണം എന്നത് നേതൃത്വം തീരുമാനിക്കും. യുവാക്കൾ നേതൃനിരയിലേക്ക് വരണം. അതോടൊപ്പം മുതിർന്നവരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുകയും വേണം. ഇപ്പോൾ കോൺഗ്രസും യുഡിഎഫും മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്.
ഇതുപോലെ മുന്നോട്ടു പോയാൽ യുഡിഎഫിന് അടുത്ത സർക്കാർ ഉണ്ടാക്കാൻ കഴിയും. സംസ്ഥാന സർക്കാരിനെ ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു. അതിൻ്റെ ഏറ്റവും അവസാനത്തെ തെളിവാണ് കഴിഞ്ഞ ദിവസം വന്ന ഉപതെരഞ്ഞെടുപ്പ് ഫലം.
മാടായി കോളജ് വിഷയത്തിൽ എംപിക്കെതിരെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. വിഷയം പരിശോധിക്കാൻ കെപിസിസി പ്രത്യേക സബ് കമ്മിറ്റിയെ വച്ചിട്ടുണ്ട്. റിപ്പോർട്ട് വരട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു.
സന്ദീപ് വാര്യർ വിഷയത്തിൽ തന്നെ ശാസിച്ചുവെന്ന് വാർത്ത കണ്ടു. അത് എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. സന്ദീപിനോട് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് നേരിട്ട് പറഞ്ഞു തീർത്തു. നിർണായക സമയത്താണ് സന്ദീപ് പാർട്ടിയിലേക്ക് വന്നത്. അദ്ദേഹത്തിന് നല്ല പരിഗണന നൽകണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Also Read: മുല്ലപ്പെരിയാര്‍ ചര്‍ച്ചയാകാതെ സ്റ്റാലിന്‍ പിണറായി കൂടിക്കാഴ്‌ച; ഇരുവരും വൈക്കത്ത്