ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി സിബിഐ കോടതി നീട്ടി. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലവധി നീട്ടിയിരിക്കുന്നത്. ഡൽഹി മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചു.
കവിത പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ അനുവദിച്ച 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കെ കവിതയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
കസ്റ്റഡി നീട്ടാൻ ഇഡിക്ക് പുതിയതായി ഒന്നുമില്ലെന്ന് കവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇരുവിഭാഗത്തിന്‍റെയും വാദങ്ങൾ കേട്ട ശേഷമാണ് ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടത്.
അതേസമയം, തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിതയെ കുരുക്കിയത് ഡല്‍ഹിയിലെ മദ്യ വിതരണം ഏറ്റെടുത്ത സ്വകാര്യ ഗ്രൂപ്പുമായുള്ള ബന്ധമാണ്. ദേശീയ തലസ്ഥാനത്തെ മദ്യ ലൈസൻസ് സ്വന്തമാക്കുന്നതിന് വേണ്ടി രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും 100 കോടി രൂപ കോഴ നൽകിയതായി ആരോപിക്കപ്പെടുന്ന സൗത്ത് ലോബിയുടെ പ്രധാന അംഗമായിരുന്നു കവിത എന്നാണ് ഇഡി ആരോപിക്കുന്നത്. 46 -കാരിയായ കെ കവിതയെ മാർച്ച് 15 നാണ് കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തത്.
ഹൈദരാബാദിലെ വസതിയിൽ നിന്നാണ് കവിതയെ ഇഡി കസ്റ്റഡിയിലെടുത്തത്. റെയ്‌ഡിന് ശേഷം ഒരു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്‌റ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, 2002 ലെ വ്യവസ്ഥ പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റകൃത്യത്തിൽ അവർ പങ്കാളിയാണ് എന്ന് അറസ്‌റ്റ് ഉത്തരവിൽ, ഇഡിയുടെ അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
ALSO READ: മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി