കോഴിക്കോട് : ആഭരണം വാങ്ങാൻ എന്ന വ്യാജേനയെത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വർണവുമായി കടന്നുകളഞ്ഞ കള്ളന്‍ പിടിയിലായി. താമരശേരി പെരുമ്പള്ളിയിൽ താമസിക്കുന്ന സുലൈമാനെ(ഷാജി 46) യാണ് പൊലിസ് അറസ്റ്റ് ചെയ്‌തത്.
കോഴിക്കോട് കസബ പൊലിസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ജനുവരി 18 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്(Jewelry Theft Accused Arrested In Kazhokode).
കോഴിക്കോട് പാളയത്തെ ജ്വല്ലറിയിൽ നിന്നും നവരത്ന മോതിരം വാങ്ങാൻ എന്ന വ്യാജേന എത്തിയ സുലൈമാന്‍ ജീവനക്കാരെ കബളിപ്പിച്ച് ഒരു പവൻ തൂക്കം വരുന്ന മോതിരവുമായി സ്ഥലം വിടുകയായിരുന്നു. സ്വർണ്ണം പ്രദർശിപ്പിച്ചിരുന്ന ബോർഡിൽ സമാനമായ രീതിയിലുള്ള മറ്റൊരു ആഭരണം വച്ച് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് വിശദമാക്കി.
ജീവനക്കാര്‍ ഡിസ്‌പ്ലേ ബോർഡ് പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്, 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും ചെയ്‌തു.
മീനങ്ങാടി, മുക്കം, മഞ്ചേരി, താമരശേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. കസബ പൊലീസ് ഇൻസ്പെക്‌ടർ എസ് ബി കൈലാസനാഥ്, എസ് ഐ ജഗമോഹൻ ദത്തൻ, സീനിയർ സി.പി.ഒ മാരായ
പി.സജേഷ് കുമാർ, രാജേഷ് കുമാർ പാലത്ത്, സി.പി.ഒ. സുബിനി മച്ചിങ്ങൽ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ശാലു, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണത്തിൽ നേതൃത്വം നൽകിയത്.