പത്തനംതിട്ട: ജെസ്‌നയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെയാണ് സംശയമെന്നും മകളെ അപായപ്പെടുത്തിയതാകാമെന്നും പിതാവ് ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. പുനർ അന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
സിബിഐ അന്വേഷണത്തില്‍ വീഴ്‌ചയില്ല. പക്ഷേ, അന്വേഷണം വഴിതെറ്റിക്കാൻ പല ഘട്ടങ്ങളിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ട്. ഞാൻ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെയിംസ് പറഞ്ഞു. ജെസ്‌ന തിരോധാന കേസില്‍ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജെയിംസ് നല്‍കിയ ഹർജി പരിഗണിച്ചാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തില്‍ പരിഗണിക്കാത്ത ചില തെളിവുകള്‍ ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമർപ്പിച്ചിരുന്നു. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും ജെസ്‌നക്ക് എന്ത് പറ്റിയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ല എന്ന് പറഞ്ഞാണ് സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചു. മുദ്രവച്ച കവറിലാണ് തെളിവുകള്‍ ഹാജരാക്കിയത്.
തുടർന്ന് പുതിയ തെളിവുകള്‍ കൈമാറിയാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്നും അറിയിച്ചു. ഇതോടെ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ സ്വദേശിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണായത്.
ALSO READ: വിഷ്‌ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മെയ് 13ന്