എറണാകുളം: കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെ നേരിടാൻ ക്ഷീര മേഖലയിൽ ക്രിയാത്മകമായ നടപടികള്‍ ആവശ്യമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര മേഖലയിലെ സാങ്കേതിക മുന്നേറ്റം കര്‍ഷകര്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്‍റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സുസ്ഥിരത, ഉത്പാദന വര്‍ധന എന്നിവയ്ക്കായി നയരൂപീകരണം നടത്തണം. ക്ഷീര സഹകരണ മേഖലയാണ് സംസ്ഥാനത്തെ ക്ഷീര വികസന മേഖലയ്ക്ക് ഊര്‍ജം പകര്‍ന്നത്. മൂവായിരത്തിലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. ഇത്രയും ക്ഷീര സഹകരണ സംഘങ്ങളിലെ 3 ലക്ഷം കര്‍ഷകരില്‍ നിന്ന് പ്രതിദിനം 18 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു.
ക്ഷീര കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്‍റേത്. സംസ്ഥാനത്ത് എട്ട് ലക്ഷം കുടുംബങ്ങള്‍ പാല്‍ ഉത്പാദക രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ ആകെ വാര്‍ഷിക ക്ഷീരോത്പാദനം. 70.65 ലക്ഷമാണ് പ്രതിദിന പാലുത്‌പാദനമെന്നും മന്ത്രി പറഞ്ഞു. തീരദേശ സംസ്ഥാനമായതിനാല്‍ പലവിധ വെല്ലുവിളികളെ നേരിടുന്നുണ്ട് കേരളം.
ഉപജീവന കൃഷിയില്‍ നിന്ന് സംഘടിത ക്ഷീര കര്‍ഷക രീതികളിലേക്ക് മാറി കേരളത്തിലെ ക്ഷീര മേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. എങ്കിലും ക്ഷീരോത്പാദനത്തില്‍ സ്വയം പര്യാപ്‌തമാകാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന് അനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്മെന്‍റ് സംവിധാനം വേണം.
ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നൂതന മാര്‍ഗങ്ങള്‍ തേടണമെന്നും മന്ത്രി പറഞ്ഞു. മില്‍മയുടെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയാണ്. പാല്‍ ക്ഷാമം നേരിട്ടിരുന്ന അവസ്ഥയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്‌പാദന രാജ്യമായി ഇന്ത്യ വളര്‍ന്നതില്‍ ദശലക്ഷക്കണക്കിന് ക്ഷീര കര്‍ഷകരുടെ അത്യധ്വാനമുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു.
മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 1000 പ്രതിനിധികളും 500 കര്‍ഷകരും പങ്കെടുക്കുന്നു. 'ക്ഷീര കര്‍ഷക മേഖലയുടെ ആധുനികവത്കരണവും നവീകരണവും' എന്ന പ്രമേയത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ആഗോള ക്ഷീര കര്‍ഷക മേഖലയ്ക്ക് നേതൃത്വം വഹിക്കുന്ന പ്രമുഖരും വിദഗ്‌ധരും ശാസ്ത്ര സാങ്കേതിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
ആദ്യ ദിനത്തില്‍ കാലാവസ്ഥ വെല്ലുവിളികളെ നേരിടല്‍, വണ്‍ ഹെല്‍ത്ത് തത്ത്വങ്ങള്‍, ഏഷ്യ-പസഫിക് മേഖലയിലെ ക്ഷീര വ്യവസായ വളര്‍ച്ച, നൂതന വിപണന സമീപനങ്ങള്‍, ക്ഷീര മേഖലയിലെ സമകാലിക വെല്ലുവിളികള്‍ എന്നിവ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്‌തു.
ഐഡിഎഫ്, ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി ഫ്രെയിം വര്‍ക്ക്, കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റി, ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഇന്‍റര്‍നാഷണല്‍ ലൈവ്‌സ്റ്റോക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എഫ്എഒ, ഡയറി ഏഷ്യ, മംഗോള്‍ ബാക്ട്രിയന്‍ അസോസിയേഷന്‍, എന്നിവയുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡയറി സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ALSO READ: 'കോട്ടയത്തെ സ്‌കൈ വാക്ക് പദ്ധതി നടപ്പാക്കില്ല; 17.5 കോടി ചെലവഴിക്കാനില്ല':കെബി ഗണേഷ് കുമാര്‍