കോഴിക്കോട് : ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്‌റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഞായറാഴ്‌ചയാണ് ഹസൻ ജൂനിയർ എന്ന വിദേശ താരത്തെ കാണികൾ സംഘം ചേർന്ന് ആക്രമിച്ചത്. താരത്തെ ഗ്രൗണ്ടിൽ ഓടിച്ചിട്ട് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കം കാണിച്ച് കഴിഞ്ഞ ദിവസമാണ് താരം മലപ്പുറം എസ് പിക്ക് പരാതി നൽകിയത്. വംശീയമായി അധിക്ഷേപിച്ചെന്നും ഹസൻ ജൂനിയര്‍ പരാതിയിൽ ആരോപിച്ചിരുന്നു.