എറണാകുളം : കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ച് കോടതി. 10 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചി എഎന്‍ഐ കോടതിയുടേതാണ് വിധി.
പ്രതി റിയാസ് അബൂബക്കറിന് എതിരെ നേരത്തെ എന്‍ഐഎ ചുമത്തിയ യുഎപിഎ 38, 39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. 38-ാം വകുപ്പ് പ്രകാരം 10 വർഷവും 39-ാം വകുപ്പ് പ്രകാരവും 10 വർഷവും ഗൂഢാലോചനക്ക് (120 ബി) 5 വർഷവുമാണ് കോടതി ശിക്ഷി വിധിച്ചത്. അതേസമയം വിചാരണ കാലയളവില്‍ പ്രതി അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞതിനാല്‍ ഇത് കഴിച്ച് അഞ്ചര വര്‍ഷം കൂടി പ്രതി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ പരമാവധി ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.
പ്രതിക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള വാദം കോടതിയില്‍ വ്യാഴാഴ്‌ച (ഫെബ്രുവരി 8) പൂര്‍ത്തിയായിരുന്നു. സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് റിയാസ് ആസൂത്രണം ചെയ്‌തതെന്നായിരുന്നു എൻഐഎ വാദം. പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം പ്രതിയുടെ പ്രായം, സാമൂഹിക-കുടുംബ പശ്ചാത്തലങ്ങൾ എന്നിവ പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാൽ വിചാരണ കോടതി ഈ ആവശ്യങ്ങളെല്ലാം തള്ളുകയായിരുന്നു.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്‌ച (ഫെബ്രുവരി 6) വിധിച്ചിരുന്നു. പ്രതിക്കെതിരെ യുഎപിഎ സെക്ഷൻ 38, 39 വകുപ്പുകളും ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഗൂഢാലോചന കുറ്റവും നിലനിൽക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അഫ്‌ഗാനിസ്ഥാനിലെത്തിയ പ്രതി ഭീകരവാദികള്‍ക്കൊപ്പം ചേര്‍ന്ന് കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. പുതുവത്സരാഘോഷങ്ങൾക്കിടെ ചാവേർ ആക്രമണം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിന് വേണ്ടി പ്രതി പലരെയും സമീപിച്ചിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് 2019ലാണ് പ്രതി പിടിയിലായത്. ചാവേര്‍ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്‌തുക്കള്‍ ശേഖരിക്കുന്നതിന് ഇടയിലാണ് ഇയാള്‍ പിടിയിലായത്. കേസില്‍ മറ്റ് രണ്ട് പേരും പ്രതികളായുണ്ടായിരുന്നു. എന്നാല്‍ ഇരുവരും കേസില്‍ മാപ്പ് സാക്ഷികളാകുകയാണ് ചെയ്‌തത്.
Also Read: ഐഎസ് മാതൃകയിൽ ചാവേറാക്രമണ പദ്ധതി; പ്രതി റിയാസ് അബൂബക്കറിന്‍റെ ശിക്ഷാവിധി നാളെ