എറണാകുളം: ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പൊലീസിന് വീഴ്‌ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഐപിഎസ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്‍റെ പ്രതിനിധിയെയും പരിപാടിയുടെ ഇവൻ മാനേജ്മെന്‍റ് ഏറ്റെടുത്ത ഓസ്‌കർ എന്ന കമ്പനി ഉടമ കൃഷ്‌ണകുമാറിനെയും ചോദ്യം ചെയ്‌തു വരികയാണെന്നും കമ്മിഷണർ വ്യക്തമാക്കി. പരിപാടിക്കായി ഗ്രൗണ്ട് നൽകുമ്പോൾ ജിസിഡിഎയുടെ ഇരുപത്തിനാല് നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ഇതിൽ പലതും നടപ്പാക്കിയിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. നർത്തകരായി പന്ത്രണ്ടായിരം പേരും അവരുടെ രക്ഷകർത്താക്കളും ഒത്തുചേരുന്ന ഒരു പരിപാടിയാണ് ഇന്നലെ ജിസിഡിയെ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നത്. ഈ പരിപാടിയുടെ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് സംഘാടകരാണ്.
പൊലീസിന്‍റെ ഭാഗത്ത് നിന്നും 43 പൊലീസുകാരെയും ബാരിക്കേഡുകളും പരിപാടിയുടെ നടത്തിപ്പിനായി ഒരുക്കിയിരുന്നു. സ്വകാര്യ പരിപാടിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംഘാടകരാണ്. ഔദ്യോഗിക പരിപാടികളുടെ സുരക്ഷയാണ് പൊലീസ് നേരിട്ട് ഉറപ്പാക്കാറുള്ളത്. സ്വകാര്യ പരിപാടികൾ നടത്തുന്നവർ തന്നെയാണ് വിവിധ വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങേണ്ടത്.
ഫയർഫോഴ്‌സ് അനുമതി വാങ്ങിയിരുന്നോ എന്നും പരിശോധിക്കും. സ്റ്റേജിന്‍റെ സുരക്ഷയെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പിഡബ്ല്യുഡി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ പരിശോധന ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്നതായും കമ്മിഷണർ വ്യക്തമാക്കി.
Also Read: ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം, അപകട നില തരണം ചെയ്‌തിട്ടില്ല; ഉമാ തോമസ് വെന്‍റിലേറ്ററിൽ തുടരും