കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം' കോട്ടയം മറിയപ്പള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച മ്യൂസിയമാണ് മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും അക്ഷരം മ്യൂസിയമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിച്ചുകൊണ്ട് വൈവിധ്യങ്ങളെ നിലനിർത്തണം എന്ന സന്ദേശമാണ് ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
15,000 ചതുരശ്രയടിയിൽ ഒരുക്കുന്ന മ്യൂസിയം പൂർണമായും സജ്ജമാകുന്നതോടെ കേരളത്തിന്‍റെ സാംസ്‌കാരിക ഭാഷാ സാഹിത്യ ചരിത്രം അടയാളപ്പെടുത്തപ്പെടും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷകളുടെ ചരിത്രവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അങ്ങനെ ലോകം തന്നെ ശ്രദ്ധിക്കുന്ന ഒരു വിജ്ഞാനകേന്ദ്രമായി മ്യൂസിയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനം നിർവഹിച്ച ഒന്നാം ഘട്ട പ്രവർത്തികളിൽ പ്രധാനമായും നാല് ഗ്യാലറികളാണ് ഒരുക്കിയിരിക്കുന്നത്. അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. അതോടൊപ്പം സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം മുകുന്ദന് മുഖ്യമന്ത്രി കെമാറി.
തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെവി ബിന്ദു, ജില്ലാ കളക്‌ടർ ജോൺ വി സാമുവൽ, സാഹിത്യകാരൻമാരായ ടി. പദ്‌മനാഭൻ, എം കെ സാനു, എം മുകുന്ദൻ, കവികളായ മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.
Also Read : അയിരൂര്‍ കഥകളി ഗ്രാമത്തിലൊരുങ്ങുന്ന ശില്‍പങ്ങള്‍; ലക്ഷ്യം ലോക വിപണി