കോഴിക്കോട്: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ നടന്ന മേഖലയില്‍ രക്ഷ പ്രവര്‍ത്തനത്തിനായി സൈന്യം റോഡ് മാർഗം വയനാട്ടിലേക്ക് പുറപ്പെട്ടു. ചുരം കയറിക്കൊണ്ടിരിക്കുന്ന സംഘം അൽപ സമയത്തിനകം തന്നെ ദുരന്ത ഭൂമിയിലെത്തുന്നതായിരിക്കും. പ്രതികൂല കലാവസ്ഥ കാരണം സൈനിക ഹെലികോപ്റ്ററുകള്‍ക്ക് നേരിട്ട് വയനാട്ടിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഹലികോപ്റ്റരുകള്‍ കോഴിക്കോട്ടേക്ക് തിരിച്ചു വിടുകയായിരുന്നു. കോഴിക്കോട്ടു നിന്ന് സൈന്യം റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. താമരശ്ശേരി ചുരം റോഡില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്‍റ ഭാഗമായി ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതു വഴിയാണ് സൈന്യം നീങ്ങിയത്.
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
Also Read: വയനാട് ഉരുൾപൊട്ടൽ; ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി മൃതദേഹങ്ങൾ
ഇന്ന് (ജൂലൈ 30) പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്ന് 4.10ഓടെ കല്‍പ്പറ്റയിലും ഉരുൾപൊട്ടി. നിരവധി കുടുംബങ്ങൾ മണ്ണിനടിയിലെന്നാണ് ലഭിക്കുന്ന വിവരം. വൈത്തിരി താലൂക്കിലെ വെള്ളേരിമല വില്ലേജില്‍ മേപ്പാടി പഞ്ചായത്തിലാണ് ഉരുൾ പൊട്ടിയത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.