തിരുവനന്തപുരം: 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. കനത്ത മഴയ്ക്കിടെയിലും തലസ്ഥാന നഗരത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് വന്‍ പൊതുജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. തിരുവനന്തപരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാകയുയര്‍ത്തി.
കനത്ത മഴയിലും വിവിധ സേനാ വിഭാഗങ്ങളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ച ശേഷം വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും എന്നാല്‍ വിഷമിച്ചിരിക്കുന്നതിന് പകരം നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശമായി പറഞ്ഞു.
രാജ്‌ഭവനില്‍ രാവിലെ 9 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാകയുയര്‍ത്തി. നിയമസഭയില്‍ സ്‌പീക്കര്‍ എ എന്‍ ഷംസീറും, പൊലീസ് ആസ്ഥാനത്ത് എഡിജിപി എസ് ശ്രീജിത്തും ദേശീയ പതാകയുയര്‍ത്തി. ജില്ല കലക്‌ടറേറ്റില്‍ അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് വിനീത് ടി കെ ആണ് ദേശീയ പതാകയുയര്‍ത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്‍ററിലും സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസായ പിഎസ് സ്‌മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പതാകയുയര്‍ത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ദേശീയ പതാകയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും രാവിലെ 9 മണിക്ക് ദേശീയ പതാകയുയര്‍ത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും റസിഡന്‍റ്‌സ് അസോസിയേഷനുകളും സ്വാതന്ത്ര്യ ദിനാഘോഷമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചു.