ഇടുക്കി: പൂപ്പാറയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച വ്യാപാരികളെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. വ്യാപാര സ്ഥാപനം സീൽ ചെയ്‌തത് തടഞ്ഞ 6 പേരെയാണ് അറസ്റ്റ് ചെയ്‌തത്. സ്ഥലത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.
കടയിൽ നിന്നിരുന്ന വനിതകളെ പൊലീസ് പുറത്താക്കി. വൻ പൊലീസ് സന്നഹത്തിന്‍റെ അകമ്പടിയോടെയാണ് റവന്യൂ സംഘം കൈയേറ്റം ഒഴിപ്പിക്കാനായി എത്തിയത്. പന്നിയാർ പുഴയും, റോഡ് പുറമ്പോക്കിലെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നറിയിച്ച് നിരോധനാജ്ഞ ലംഘിച്ച് സ്ഥലത്ത് വ്യാപാരികൾ പ്രതിഷേധിക്കുകയായിരുന്നു.
കോടതി അനുവദിച്ച സമയം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 7 ദിവസത്തിനകം സ്വമേധയാ ഒഴിഞ്ഞുപോകാന്‍ തയ്യാറാണെന്ന് തങ്ങള്‍ പറഞ്ഞിട്ടും കോടതി അനുവദിച്ച സമയത്തിനുള്ളില്‍ കയ്യേറ്റം ഒഴിപ്പിക്കാനായി എത്തിയതിനെതിരെയായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. വീടുകൾ ഒഴിയേണ്ടെന്നും, സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ സമയം നൽകുമെന്നും സബ് കലക്‌ടർ അറിയിച്ചിരുന്നു. എന്നാൽ സ്ഥാപനം അടപ്പിക്കാനുള്ള നീക്കമാണ് പ്രതിഷേധം ശക്തമാകാൻ ഇടയാക്കിയത്.
അതേസമയം വളരെ നേരത്തെ തന്നെ ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നത്. സ്വമേധയാ ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ ഇനി ഇളവനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. പ്രദേശത്ത് കടകൾ സീൽ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.