ഇടുക്കി : പൂപ്പാറയിലെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. പന്നിയാർ പുഴയും റോഡ് പുറമ്പോക്കും കയ്യേറിയ 56 കയ്യേറ്റങ്ങളുമാണ് ഒഴിപ്പിക്കുക.
റവന്യു വകുപ്പിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചു. ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി പൂപ്പാറ ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കയ്യേറ്റ ഭൂമിയിലെ മുഴുവൻ നിര്‍മാണങ്ങളും റവന്യൂ വകുപ്പ് ഏറ്റെടുക്കും. എന്നാല്‍ വീടുകളിൽ നിന്ന് ആളുകളെ ഒഴുപ്പിക്കില്ലെന്നും താമസക്കാർക്ക് സാവകാശം നൽകുമെന്നും അധികൃതര്‍ അറിയിച്ചു.
റോഡ്, പുഴ, പുറംപോക്കുകള്‍ എന്നിവ കൈയ്യേറിയെന്ന ജില്ലാ കളക്‌ടറുടെ റിപ്പോർട്ടിലായിരുന്നു ഉത്തരവുണ്ടായത്. ആറ് ആഴ്ച്ചയ്ക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പന്നിയാർ പുഴയും ധനുഷ്കൊടി - കൊച്ചി ദേശീയ പാതയും കൈയ്യേറി നിർമിച്ചെന്നരോപിച്ചാണ് നടപടി.
കടകൾ പൂട്ടി സീൽ ചെയ്യും. വീടുകളിൽ നിന്നും ആരെയും ഇറക്കി വിടില്ല. അവര്‍ക്ക് ഒഴിയാൻ നോട്ടീസ് നൽകുമെന്നും, നടപടികൾ പെട്ടെന്ന് പൂർത്തിയാക്കുമെന്നും ഇടുക്കി സബ് കലക്‌ടർ അരുൺ എസ് നായർ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ് വാങ്ങിയിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നുമാണ് വ്യാപാരികളുടെ നിലപാട്.