ഇടുക്കി: കുന്നിന്‍ ചെരുവിലങ്ങനെ പരന്ന് കിടക്കുന്ന ജലാശയവും ചുറ്റുമുള്ള പച്ചപ്പും അതിനോട് ചേര്‍ന്നുള്ള പാറക്കെട്ടും... ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി ഡാം ടോപ്പ് (Idukki ponmudi dam top). അണക്കെട്ടിന് മുകളിലൂടെ നടന്ന് കാഴ്‌ചകള്‍ കാണാം, കുതിര സവാരി നടത്താം...
ജലാശയത്തോട് ചേര്‍ന്നുള്ള പാറക്കെട്ടും പാറക്കെട്ടിന് താഴ്ഭാഗത്ത് കൂടി കടന്ന് പോകുന്ന റോഡും പൊന്‍മുടിയുടെ മറ്റൊരു മനോഹര കാഴ്‌ചയാണ്. വലിയ തിരക്കില്ലാതെ ഈ കാഴ്‌ചകള്‍ കണ്ട് ഏറെനേരം ചെലവഴിക്കാമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആര്‍ഷിക്കുന്ന മറ്റൊരു കാരണം. പൊന്മുടിയിലെ സായാഹ്നങ്ങളും ഏറെ മനോഹരമാണ്. സ്വസ്ഥമായിരുന്ന് മതി വരുവോളം ചിത്രങ്ങള്‍ പകര്‍ത്താം.
വൈകുന്നേരങ്ങളില്‍ കുശലം പറഞ്ഞിരിക്കാന്‍ തദ്ദേശീയരുമെത്തും. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെന്ന പോലെ ഇപ്പോള്‍ പൊന്‍മുടിയിലും തിരക്ക് കുറവാണ്. മധ്യ വേനലവധിക്കാലമെത്തുന്നതോടെ പൊന്‍മുടിയിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ.