ഇടുക്കി: മണ്ണില്‍ പൊന്ന് വിളയിക്കുന്ന ഒരു ജനതയുടെ പോരാട്ട വീര്യത്തിന്‍റെ കഥകളാണ് എന്നും ഇടുക്കിക്ക് പറയാനുള്ളത്. അതിജീവനത്തിനായി, സ്വന്തം ഭൂമിയുടെ അവകാശത്തിനായി, വന്യ മൃഗ ആക്രമണങ്ങൾ അറുതി വരുത്താന്‍... ഇങ്ങനെ നിരന്തരം പോരാടേണ്ടി വരുന്ന ഒരു ജനതയുടെ രാഷ്ട്രീയം. തോട്ടം തൊഴിലാളികളും ഗോത്ര ജനതയും കുടിയേറ്റ കര്‍ഷകരും അധിവസിക്കുന്ന ഭൂമിക.
കുടിയേറ്റ ഇടുക്കി
മലയോര ജില്ലയായ ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങള്‍ക്കൊപ്പം എറണാകുളത്തെ രണ്ട് മണ്ഡലങ്ങളും ചേരുന്നതാണ് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം. അതി ബൃഹത്തായ കാര്‍ഷിക മേഖല, കുടിയേറ്റത്തിന്‍റെ ചരിത്രം പറയുന്ന മണ്ണ്. സ്വാതന്ത്രത്തിന് മുന്‍പ്, ഏലം, തേയില തോട്ടങ്ങളിലെ ജോലിയ്ക്കായി, തൊഴിലാളികള്‍ എത്തിയതോടെയാണ് മലയോരത്തിന്‍റെ കുടിയേറ്റ ചരിത്രം തുടങ്ങുന്നത്.
തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ് ജനതയാണ്. പിന്നീട് ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം ഭക്ഷ്യ വസ്‌തുക്കളുടെ ഉത്പാദനത്തിനായി നിരവധി കുടുംബങ്ങള്‍ ഹൈറേഞ്ചിലേക്ക് എത്തി. പട്ടം താണുപിള്ളയുടെ മന്ത്രി സഭ കാലത്താണ് ഇടുക്കിയിലേക്കുള്ള ചിട്ടയായ അധിനിവേശം ആരംഭിച്ചത്. നെടുങ്കണ്ടത്തെ കല്ലാര്‍ പട്ടം കോളനിയിലൂടെ സംസ്ഥാന രൂപീകരണ സമയത്ത് ഹൈറേഞ്ചിനെ കേരളത്തിനൊപ്പം ചേര്‍ക്കാനുമായി. കുടിയേറ്റ കാലത്തിന്‍റെ തുടക്കം മുതല്‍ നിരവധി പ്രതിസന്ധികളെയാണ് ഇടുക്കിക്കാര്‍ അതിജീവിച്ചത്. വന്യ മൃഗങ്ങളോട് പൊരുതി, തണുത്തുറഞ്ഞ പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച്, കാര്‍ഷിക വിപ്ലവം നടത്തിയവര്‍.
തെരഞ്ഞെടുപ്പ് ചരിത്രം
1977-ലാണ് ഇടുക്കി ലോക്‌സഭ മണ്ഡലം രൂപീകരിച്ചത്. ഇടുക്കിയിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, ഇടുക്കി, തൊടുപുഴ നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളും ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. 11 ലക്ഷത്തി എഴുപത്തി ആറായിരത്തിലധികം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മിക്കപ്പോഴും ഇടത് പക്ഷത്തിനൊപ്പമാണ് ഇടുക്കി.
നിലവില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ അഞ്ചും ഇടതിനൊപ്പമാണ്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും മാറി മാറി പിന്തുണച്ചിട്ടുണ്ട് ഇടുക്കി. എങ്കിലും തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുന്‍ തൂക്കം യുഡിഎഫിനാണ്.
1977ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിഎം സ്‌റ്റീഫനായിരുന്നു വിജയം. 79357 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി എന്‍ എം ജോസഫിനെ പരാജയപ്പെടുത്തി. 1980ല്‍ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. സിപിഎമ്മിലെ എം എം ലോറന്‍സ്, കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എസ് ജോണിനെ പരാജയപെടുത്തി.
1984 ല്‍ പി ജെ കുര്യനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. 1989ലും 1991 ലും പാലാ കെ എം മാത്യുവിലൂടെയും 1996 ല്‍ എ സി ജോസഫിലൂടെയും 1998 ല്‍ പി സി ചാക്കോയിലൂടെയും കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1999ല്‍ പി ജെ കുര്യനെ പരാജയപെടുത്തി, ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയെ ഇടത് പക്ഷത്ത് തിരികെ എത്തിച്ചു.
2004 ലും ഫ്രാന്‍സിസ് ജോര്‍ജ് വിജയം ആവര്‍ത്തിച്ചു. 2009 ല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി പിടി തോമസ് ഇടുക്കിയില്‍ വീണ്ടും കോണ്‍ഗ്രസിന്‍റെ വെന്നിക്കൊടി പാറിച്ചു. 2014 മുതലാണ് ജോയ്‌സ് ജോര്‍ജും ഡീന്‍ കുര്യാക്കോസും തമ്മിലുള്ള അങ്കം ആരംഭിക്കുന്നത്.
ആദ്യ തവണ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇടത് പിന്തുണയില്‍ മത്സരിച്ച ജോയ്‌സ് വിജയിച്ചപ്പോള്‍ ഭൂവിഷയങ്ങളില്‍ ഇടുക്കിയില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധങ്ങളുടെ പ്രതിഫലനം കൂടിയായി ആ വിജയം. എന്നാല്‍ 2019 ല്‍ സ്ഥിതി മാറി. വീണ്ടും ഇടത് സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ ജോയ്‌സിനെ ഡീന്‍ കുര്യാക്കോസിലൂടെ കോണ്‍ഗ്രസ് പരാജയപെടുത്തി. മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു ഡീന്‍ കുര്യാക്കോസിന്‍റെ വിജയം.
മൂന്നാം തവണ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍, കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ ഉറച്ചാണ് ഇടത് പക്ഷത്തിന്‍റെ പ്രചാരണം. റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം നിലനിര്‍ത്താന്‍ ഉറച്ചാണ് വലത് ക്യാമ്പ്. എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിഡിജെഎസിനാണ് സീറ്റ്. രണ്ട് തവണ സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഭൂവിഷയങ്ങളും വന്യ മൃഗശല്യവും
ഇടുക്കിയുടെ രാഷ്ട്രീയത്തില്‍ എപ്പോഴും നിറ സാന്നിധ്യമാണ് ഭൂവിഷയങ്ങളും വന്യ മൃഗശല്യവും. ദേശീയ സംസ്ഥാന രാഷ്ട്രീയ ചര്‍ച്ചകളെക്കാള്‍ അധികമായി ഇടുക്കിയില്‍ ഉയരുന്നത് കര്‍ഷകര്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികളെ കുറിച്ചുള്ള ചോദ്യങ്ങളാണ്. ഇത്തവണയും സ്ഥിതിയ്ക്ക് മാറ്റമില്ല. വന, ഭൂ നിയമങ്ങള്‍ ഇടുക്കിയിലെ കര്‍ഷകരുടെ മേല്‍ നിഴലിക്കുന്നത് ഉയര്‍ത്തി പരസ്‌പരം പഴിചാരിയാണ് ഇടതിന്‍റെയും വലതിന്‍റെയും പ്രചാരണം.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് ചായ്‌വും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലത് ചായ്‌വും ഉണ്ടെങ്കിലും ഇത്തവണ ഇടുക്കിയുടെ മനസ് കൂടുതല്‍ സങ്കീര്‍ണ്ണമാണ്. മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസ് എം ഇടത് പാളയത്തില്‍ എത്തിയത് എല്‍ഡിഎഫിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ 2014ല്‍ ഇടത് പക്ഷത്ത് വിജയം എത്തിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി ഇപ്പോള്‍ നിര്‍ജ്ജീവമാണ്.
Also Read : ശക്തന്‍റെ മണ്ണില്‍ ആര് 'ശക്തി' കാട്ടും; തൃശൂരില്‍ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി മുന്നണികള്‍
ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റും വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സ്വതന്ത്ര സംഘടനകളും സ്വീകരിക്കുന്ന നിലപാടുകളും തെരഞ്ഞെടുപ്പിനെ ബാധിക്കും. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് സീറ്റെങ്കിലും നിലവില്‍ ബിഡിജെഎസ് ജില്ലയില്‍ നിര്‍ജ്ജീവമാണ്. ഇക്കാരണത്താല്‍ ഉറച്ച എന്‍ഡിഎ വോട്ടുകള്‍ പോലും നഷ്‌ടമാകാനും സാധ്യതയുണ്ട്. ഇടുക്കി, വിജയപുരം രൂപതകള്‍ ഉള്‍പ്പടെ രാഷ്ട്രീയ ചായ്‌വ് ഇല്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും വന്യ മൃഗ ആക്രമണങ്ങള്‍ക്കെതിരെ തുടര്‍ സമരങ്ങളുമായി രംഗത്ത് ഉള്ളതിനാല്‍ മത, സാമൂദായിക നിലപാടുകളും തെരഞ്ഞെടുപ്പില്‍ നിഴലിക്കുമെന്നത് തീര്‍ച്ച.