ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്‌ടറുമായ ഷീബ ജോർജ് അറിയിച്ചു. പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലാണ് ജില്ലയിലെ വോട്ടെണ്ണൽ നടക്കുക. ജൂൺ 4 ന് രാവിലെ 7.30 ന് സ്ട്രോങ് റൂം തുറക്കും. 8 മണിക്ക് തപാൽ ബാലറ്റുകൾ എണ്ണും.
18 ടേബിളുകളിലാണ് തപാൽ വോട്ടുകൾ എണ്ണുക. തുടർന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഏഴ് ഹാളുകളിലായി ഒരു ഹാളിൽ 14 ടേബിളുകൾ എന്ന തോതിൽ 98 ടേബിളുകളിലാണ് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിലെ ബാരിക്കേഡ് നിർമാണം, പശ്ചാത്തല, വിനിമയ സംവിധാനങ്ങൾ ഒരുക്കൽ, തുടങ്ങിയവ പൂർത്തിയായി.
കൗണ്ടിങ് സൂപ്പർവൈസർമാരുടെയും അനുബന്ധ ജീവനക്കാരുടെയും നിയമനവും പരിശീലനവും പൂർത്തിയായതായും ജില്ല കലക്‌ടർ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങൾ, മീഡിയ സെൻ്റർ, പൊതുവായും ഔദ്യോഗിക തലത്തിലുമുള്ള ആശയവിനിമയേ കേന്ദ്രങ്ങൾ, ഏജൻ്റുമാർക്കുള്ള സൗകര്യങ്ങൾ എന്നിവ സജ്ജമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച രണ്ട് ഒബ്‌സർവർമാർ കൗണ്ടിങ് നടപടികൾ നിരീക്ഷിക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച തരത്തിലുള്ള മുഴുവൻ ക്രമീകരണങ്ങളും വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയതായി ജില്ല കലക്‌ടർ പറഞ്ഞു.