ഇടുക്കി : കട്ടപ്പനയിൽ അപകട സാധ്യത ഉയർത്തി വൻമരം. ഇവിടെ എത്തിയാൽ മരം ഒടിഞ്ഞ് വീഴാനോ, ഷോക്കടിക്കാനോ സാധ്യതയുണ്ട്. പൊലീസ് സ്‌റ്റേഷന് മുന്നിലാണ് വൻ വാകമരം അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. സ്റ്റേഷന് മുന്നിൽ ടാക്‌സി സ്റ്റാന്‍ഡിന് സമീപത്തായാണ് വാകമരം നിൽക്കുന്നത്.
മരത്തിനുള്ളിൽ കൂടിയാണ് 11 കെവി ലൈൻ കടന്നുപോകുന്നത്. മരത്തിന്‍റെ ഒരു വശത്തെ വേരുകൾ റോഡ് നിർമാണത്തിനായി മുറിച്ചു മാറ്റിയിരുന്നു. ശക്തമായ കാറ്റാടിച്ചാൽ മരം മറിഞ്ഞ് വീഴുന്നത് കട്ടപ്പന പൊലീസ് സ്റ്റേഷന് മുകളിലേക്കാണ്.
പല തവണ മരം മുറിച്ച് മാറ്റാൻ 11 കെവി ലൈൻ അഴിച്ച് മാറ്റണമെന്ന് കാണിച്ച് കെഎസ്‌ഇബിയില്‍ പരാതിനൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മരം വളർന്ന് ശിഖരങ്ങൾ സമീപത്തെ ഗവൺമെന്‍റ് സർവൻസ് സൊസൈറ്റി കെട്ടിടത്തിനകത്ത് കയറി.
മഴയത്ത് തുടിഞ്ഞ് വരുന്ന ശിഖരങ്ങളിൽ നിന്നും യാത്രക്കാർക്ക് ഷോക് അടിക്കാനും സാധ്യതയുണ്ട്. 100 കണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ ജില്ല ഭരണകൂടം ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാവശ്യമാണ് ഉയരുന്നത്.