എറണാകുളം: കനത്ത മഴയിൽ വീട് തകർന്ന് വീണു. പറവൂർ ചിറ്റാറ്റുകര ഹരിയുടെ വീടാണ് തകർന്ന് വീണത്. വീട്ടുകാർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാവിലെ ആറ് മണിയോടെ വീടിൻ്റെ മേൽക്കൂര തകർന്ന് വീണു.
ഈ സമയം ഹരിയും ഭാര്യ മിനിയും വീട്ടിൽ ഉണ്ടായിരുന്നു. ശബ്‌ദം കേട്ട് ഇരുവരും പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. അമ്പത് വർഷത്തോളം പഴക്കമുള്ളതാണ് ഓട് പാകിയ ഹരിയുടെ വീട്.
2018 പ്രളയത്തിലും ഈ വീടിന് നാശ നഷ്‌ടങ്ങൾ സംഭവിച്ചിരുന്നു. ഇപ്പോൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പുതുക്കി പണിയാൻ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. വീട് തകർച്ചയുടെ വക്കിലാണന്നും അടിയന്തിര പ്രാധാന്യം നൽകി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അധികൃതർ സഹായിച്ചില്ലന്നാണ് ഹരിയുടെ ആരോപണം.
വീട് തകർന്നതറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സംഭവ സ്ഥലത്ത് എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പറവൂർ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. അതേസമയം യെല്ലോ അലർട്ട് നിലവിലുള്ള എറണാകുളം ജില്ലയിൽ രാവിലെ മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്.
ALSO READ: കാലവര്‍ഷം കനക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്