കാസർകോട് : ഇന്നത്തെ കാലത്ത് സ്വന്തമായൊരു വീടു പണിയുമ്പോൾ ഒരൽപം വ്യത്യസ്‌തത കൊണ്ട് വരാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അതുപോലെ ഹൗസ്‌ബോട്ടിനോടുള്ള ഇഷ്‌ടം കൊണ്ട് ഹൗസ് ബോട്ട് പോലൊരു വീട് പണിതിരിക്കുകയാണ് കിഴക്കേമുറിയിലെ ഒവി രാജേഷ്. ഹൗസ് ബോട്ട് എന്ന് പറഞ്ഞാൽ രാജേഷിനു ജീവനാണ് അതിനാൽ തന്നെ ഹൗസ് ബോട്ട് മാതൃകയിൽ ഒരു വീട് പണിയണമെന്ന ആഗ്രഹം കൊണ്ടാണ് ഈ വഞ്ചി വീട് പണിതത്.
ആഗ്രഹം പങ്കു വെച്ചപ്പോൾ നാട്ടുകാരിൽ ചിലർ രാജേഷിനു വട്ടാണെന്ന് പറഞ്ഞ് പരിഹസിച്ചു. സാധാരണ വീട് വയ്ക്കുന്നതിനേക്കാൾ ചിലവ് കൂടുമെന്നും ചിലർ പറഞ്ഞു. എന്നാൽ രാജേഷ് പിന്മാറിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ പതിയെ പതിയെ എട്ടു വർഷം കൊണ്ട് ഒരു വഞ്ചി വീട് പണിതു.
ഇപ്പോൾ രാജേഷും കുടുംബവും പുതിയ വഞ്ചിവീട്ടിലാണ് സ്ഥിരതാമസം. അണിയവും അമരവും അടക്കം ഒറ്റ നോട്ടത്തിൽ അസൽ ഹൗസ് ബോട്ട് തന്നെ. ഇനി മഴ കൂടി പെയ്‌താൽ വെള്ളത്തിൽ നിൽക്കുന്ന ഹൗസ് ബോട്ട് ആയി ഈ വീട് തോന്നുകയും ചെയ്യും. 2009ൽ രാജേഷിന്‍റെ ജ്യേഷ്‌ഠൻ കൃഷ്‌ണൻ ആലപ്പുഴയിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ ഹൗസ് ബോട്ട് കൊണ്ട് വന്ന് തേജസ്വിനി പുഴയിൽ സഞ്ചാരികളുമായി യാത്ര നടത്തുന്നത് പതിവായിരുന്നു.
അന്ന് തെങ്ങ് ചെത്ത് തൊഴിലാളി ആയിരുന്നു രാജേഷ്. എങ്കിലും ദിവസവും രാജേഷ് ബോട്ടിൽ എത്തും. അന്ന് കൗതുകമായിരുന്നെങ്കിലും പിന്നീട് ഹൗസ് ബോട്ടുകളോട് പ്രിയമായി. അന്നു മുതൽ ഒരു ഹൗസ് ബോട്ട് സ്വന്തമാക്കുക എന്നുള്ളത് രാജേഷിന്‍റെ ആഗ്രഹമായിരുന്നു .
എന്നാൽ അതിന് കഴിഞ്ഞില്ല. ഇതിനിടെ സ്വന്തമായൊരു വീട് അത്യാവശ്യമായി വന്നു. വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു ഹൗസ് ബോട്ട് സ്വന്തമാക്കാൻ കഴിയാത്തതു കൊണ്ട് തന്നെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരുക്കുന്ന വീട് ഹൗസ് ബോട്ടിന്‍റെ മാതൃകയിൽ ആകട്ടെ എന്ന് തീരുമാനിച്ച് നിർമാണം ആരംഭിക്കുകയായിരുന്നു.
എന്നാൽ പുഴയിൽ ഒഴുകുന്ന ഹൗസ് ബോട്ട് എന്ന മോഹം രാജേഷിന്‍റെ മനസിൽ നിന്ന് മാഞ്ഞില്ല. ഒന്നര വർഷം മുൻപ് രാജേഷും ഏതാനും സുഹൃത്തുക്കളും ചേർന്ന് പുതിയൊരു ഹൗസ് ബോട്ട് സ്വന്തമാക്കി. ലേക്ക് പാലസ് എന്ന ഈ വഞ്ചിവീട് ഇപ്പോൾ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ കേന്ദ്രമാക്കി സഞ്ചാരം നടത്തുണ്ട്.