ഇടുക്കി : ഉടുമ്പഞ്ചോലയിൽ മുറി ചോദിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദിച്ചു. പരിക്കേറ്റ ചെമ്മണ്ണാർ കൊച്ചുപുരയ്‌ക്കൽ വാവച്ചനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മാസങ്ങൾക്ക് മുമ്പ് ഇതേ സംഘം ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കാൻ എത്തിയപ്പോൾ ഇറച്ചിക്കറിയിൽ കഷണം കുറഞ്ഞെന്ന് ആരോപിച്ച് ബഹളം സൃഷ്‌ടിച്ചിരുന്നു.
ഞായറാഴ്‌ച രാവിലെയാണ് ഉടുമ്പഞ്ചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പെട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ ഉടമയെ മർദിയ്ക്കുകയായിരുന്നു. ഇവർ വാഹനത്തിൽ മാരക ആയുധങ്ങളുമായാണ് വന്നത്. ആക്രമണത്തിൽ തലയ്‌ക്കും ചെവിയ്ക്കും പരിക്കേറ്റ ഹോട്ടൽ ഉടമ വാവച്ചനെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേക്ക് മാറ്റി. ഇയാളുടെ മൂക്കിന് സാരമായി പരുക്ക് ഏറ്റിട്ടുണ്ട്.
ആറു മാസങ്ങൾക്ക് മുൻപ് ഇതേ സംഘം ബീഫ് കറിയിൽ കഷണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു. അന്ന് മുറിയെടുത്ത ഇവർ ഹോട്ടലിൽ താമസിച്ചിരുന്ന മറ്റ് ചിലരുമായി തർക്കത്തിൽ ഏർപ്പെടുകയും പരസ്‌പരം ഏറ്റുമുട്ടുകയും ചെയ്‌തതോടെ അന്ന് ഇവരെ ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടിരുന്നു.
ഈ സംഭവത്തെ തുടർന്നുണ്ടായ വൈരാഗ്യം മൂലമാണ് ഞായറാഴ്‌ച രാത്രിയിൽ ഹോട്ടലിൽ എത്തി മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ഉടുമ്പഞ്ചോല പൊലീസ് കേസെടുത്തു.
ALSO READ: മാതളം പറിച്ചതിന് ദലിത് ബാലനെ കെട്ടിയിട്ട് മർദിച്ചു; റിട്ടയേർഡ് ഹെഡ്‌മാസ്റ്റർക്കെതിരെ കേസ്